ഡോ. പത്ഭനാഭന്‍ പല്‍പു, കേരളത്തിലെ പിന്നോക്ക സമുദായമായിരുന്ന ഈഴവ സമൂഹങ്ങളുടെ
നവോത്വാന ശില്‍പ്പിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള
ചരിത്രത്തിലെ അനശ്വരനായ നേതാവുമായിരുന്നു. തൊഴിലുകൊണ്ട് അദ്ദേഹം ബാക്റ്റീരിയാ
രോഗാണുക്കള്‍ സംബന്ധിച്ചുള്ള ഡോക്ടറായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അദ്ദേഹത്തെ ഒരു
സാമൂഹിക വിപ്ലവകാരനാക്കി. അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന അചഞ്ചലമായ അദ്ദേഹത്തിന്റെ
മനസും ശക്തിയേറിയ തൂലികയും അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈഴവ സമൂഹങ്ങളെ
താണവരെന്നു കരുതുന്ന ഉന്നത ജാതികള്‍ക്കെതിരെയും ഹിന്ദു പുരോഹിത
വര്‍ഗങ്ങള്‍ക്കെതിരെയും സന്ധിയില്ലാ സമരം നടത്തിക്കൊണ്ട് ശത്രുക്കളുടെ
നാവടപ്പിച്ചിരുന്നു. എല്ലാ സംഘിടിത ശക്തികള്‍ക്കെതിരെയും സര്‍ക്കാരിന്റെ ചുവപ്പു
നാടകള്‍ക്കും അവരുടെ മനുഷ്യത്വമില്ലാത്ത വിവേചനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ച
സ്വാതന്ത്ര്യത്തിന്റെ പ്രവാചകനുമായിരുന്നു. പീഡിതരായവരുടെയും
അടിച്ചമര്‍ത്തപ്പെട്ടവരുടെയും അജയ്യനായ നേതാവും. ഡോക്ടര്‍ പല്പ്പുവിനെ ഈഴവരുടെ
രാഷ്ട്രീയ പിതാവെന്നും അറിയപ്പെടുന്നു. 'ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ
വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച ,ഈ മഹാന് കേരളത്തിന്‍റെ സാമൂഹിക
പരിഷ്കരണ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം കിട്ടിയില്ലായെന്നതും ദുഖകരമായ ഒരു
സത്യമാണ്.
1863 നവംബര്‍ രണ്ടാം തിയതി പഴയ തിരുവിതാംകൂറിലെ തിരുവനന്തപുരം
ജില്ലയില്‍ പേട്ടയിലുള്ള ഒരു ഈഴവ കുടുംബമായ നെടുങ്ങോട്ട് ഒരു സാധാരണ
കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. പിതാവ് ഭഗവതി പത്ഭനാഭന്‍ അക്കാലത്ത്
തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് പഠിച്ചവരില്‍ ഒരാളായിരുന്നു.
പഠിക്കാന്‍ അതി മിടുക്കനായിരുന്ന പല്പ്പുവിനു ഉയര്‍ന്ന ജാതികളും ഭരണകൂടങ്ങളും
അവര്‍ണ്ണനെന്നു വിധിയെഴുതിയ കാരണം മുമ്പോട്ടുള്ള ജീവിതാവസരങ്ങള്‍ നിഷേധിച്ചിരുന്നു.
ശ്രീ നാരായണ ഗുരുവിന്റെ സമകാലീകനും ശിക്ഷ്യനുമായിരുന്നു. പ്രസിദ്ധനായ
എഴുത്തുകാരന്‍, ഭിഷ്വഗരന്‍, പരോപകാരി, സാമൂഹിക ചിന്തകന്‍, പ്രവര്‍ത്തകന്‍ എന്നീ
നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരുന്നു. ലണ്ടനില്‍
പ്രായോഗിക പരിശീലനം നേടിയ ഡോ പല്‍പ്പു പിന്നീട് സമുദായ ഉന്നമനത്തിനായും
സേവനത്തിനായും ജോലി വേണ്ടെന്നു വെച്ചു. അക്കാലത്ത് പിന്നോക്ക സമുദായക്കാര്‍
സഹിച്ചിരുന്ന എല്ലാ യാതനകളും പല്പുവിനും സഹിക്കേണ്ടി വന്നു.
ഈഴവര്‍ പൊതുവെ
കള്ളുചെത്തിലും കൃഷിപ്പണികളിലും എര്‍പ്പെട്ടിരുന്നെങ്കിലും അവരുടെയിടയില്‍ അനേക
ആയൂര്‍വേദ വൈദ്യന്മാരും ഉണ്ടായിരുന്നു. പല്‍പ്പുവിന്റെ അമ്മ മാത പെരുമ്മാള്‍ ഈശ്വര
ഭക്തിയും ചുറ്റുമുള്ളവരോട് ദീനദയാലുവും എല്ലാവരോടും വളരെയധികം
സ്‌നേഹസമ്പന്നയുമായിരുന്നു. ശ്രീ നാരായണ ഗുരു അദ്ദേഹത്തിന്‍റെ ഭവനം
സന്ദര്‍ശിക്കാറുണ്ടായിരുന്നു. പല്പ്പുവിനെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് സ്വന്തം
അച്ഛന്‍ തന്നെയായിരുന്നു. അഞ്ചാം വയസ്സില്‍ 1868ല്‍ രാമന്‍ പിള്ള ആശാന്റെ
കുടിപ്പള്ളി കൂടത്തില്‍ എഴുത്തിനിരുത്തി. പിന്നീട് 1875ല്‍ എ.ജെ. ഫെര്‍ണാണ്‍ഡസ്
എന്ന ഒരു സായിപ്പ് അദ്ദേഹത്തിന്‍റെ അദ്ധ്യാപകനായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ
പിതാവ് സാമ്പത്തികമായി അധപതിച്ചിരുന്നു.
1878 മാര്‍ച്ച് മാസത്തില്‍
തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠനം തുടങ്ങി. അക്കാലത്ത് അവര്‍ണ്ണര്‍ക്കായി
പ്രത്യേകം ബഞ്ചുകള്‍ നീക്കി വെച്ചിരുന്നു. ജ്യേഷ്ഠന്‍ വേലായുധനും അദ്ദേഹത്തോടൊപ്പം
അവര്‍ണ്ണര്‍ക്കായി നീക്കിയിട്ടിരുന്ന ബഞ്ചിലിരുന്ന് പഠിച്ചു. അന്ന് പല്പ്പുവിന്റെ
കുടുംബം സാമ്പത്തികമായി തകര്‍ന്ന് ദാരിദ്ര്യത്തിലായിരുന്നു. പഠിക്കാന്‍ വളരെയധികം
സമര്‍ത്ഥനായ പല്പ്പുവിന്റെ അവസ്ഥ കണ്ട് ഫെര്‍ണാണ്ടസ് സായിപ്പ് അദ്ദേഹത്തിനു ഭക്ഷണം
വാങ്ങി കൊടുക്കുമായിരുന്നു. 1883ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായെങ്കിലും
ജേഷ്ടന്‍ വേലായുധന്‍ എഫ് എ യ്ക്ക് ഉപരി പഠനത്തിനായി പോയതിനാല്‍ പല്പ്പുവിനെയും
കോളേജില്‍ വിടാനുള്ള സാമ്പത്തിക സ്ഥിതി ആ കുടുംബത്തിനുണ്ടായിരുന്നില്ല. ഇംഗ്ലീഷ്
പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ജോലി ലഭിച്ചതുകൊണ്ട് കോളേജില്‍ പഠിക്കാനുള്ള പണം
കണ്ടെത്തി. പിറ്റേ വര്‍ഷം കോളേജില്‍ ചേരുകയും, പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്തുകൊണ്ടു കോളേജു വിദ്യാഭ്യാസം 1884ല്‍ പൂര്‍ത്തിയാക്കുകയും
ചെയ്തു.
1884ല്‍ മെഡിസിന്‍ പഠിക്കാനായി സര്‍ക്കാര്‍ ഒരു പരീക്ഷ
നടത്തിയിരുന്നു. പത്തു പേരെ തെരഞ്ഞെടുത്ത കൂട്ടത്തില്‍ പല്പുവിന് നാലാം
സ്ഥാനമുണ്ടായിരുന്നെങ്കിലും ജാതിയില്‍ ഈഴവനായതു കൊണ്ട് അദ്ദേഹത്തിന്‍റെ മെഡിക്കല്‍
പ്രവേശനം സര്‍ക്കാര്‍ തടഞ്ഞു. എങ്കിലും മദ്രാസ് യൂണിവേഴ്റ്റിയില്‍ അദ്ദേഹത്തിനു
ബുദ്ധിമുട്ടു കൂടാതെ മെഡിസിനു പ്രവേശനം കിട്ടി. മെഡിക്കല്‍ ഡിഗ്രി ലഭിച്ച ശേഷം
സ്വന്തം നാടായ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിച്ചെങ്കിലും അന്നും
അദ്ദേഹത്തിന്‍റെ അപേക്ഷ പരിഗണിക്കാതെ ജാതിയുടെ പേരില്‍ തള്ളി കളയുകയാണുണ്ടായത്.
ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസ്സില്‍ പോയതുപോലെ തന്നെ ജോലിയ്ക്കായി മൈസൂറില്‍
പോവുകയും അവിടെ സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. കഴിവിന്റെ മാനദണ്ഡത്തില്‍
ലഭിച്ച ഈ ജോലിയില്‍ മാസം നൂറു രൂപാ ലഭിക്കുമായിരുന്നു. അക്കാലത്ത് അതൊരു വലിയ
തുകയായിരുന്നു. അന്ന് ഡോക്ടര്‍മാര്‍ക്ക് തിരുവിതാംകൂറില്‍ കൊടുത്തിരുന്ന ശമ്പളം
അഞ്ചു രൂപയായിരുന്നു. സ്വന്തം സമുദായത്തിലെ സേവനം കൂടാതെ അദ്ദേഹം മറ്റു പിന്നോക്ക
സമൂഹങ്ങള്‍ക്കും വേണ്ടിയും പ്രയത്‌നിച്ചിരുന്നു.
സമൂഹത്തില്‍
ദരിദ്രരായവരെയും പീഡനം അനുഭവിക്കുന്നവരെയും ജാതി മത ഭേദമില്ലാതെ അദ്ദേഹം
സഹായിച്ചിരുന്നു. മൈസൂറിലെ കടത്തിണ്ണകളില്‍ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന
പാവങ്ങള്‍ക്ക് തന്റെ ആദ്യത്തെ ശമ്പളം ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് പുതയ്ക്കാന്‍
കമ്പളികള്‍ മേടിച്ചു കൊടുത്തു. മൈസൂറില്‍ താമസിക്കുന്ന കാലങ്ങളില്‍
പൗരാവകാശത്തിനായി മുറവിളി കൂട്ടുവാന്‍ സംഘടനകളും സ്ഥാപിച്ചിരുന്നു. ഈഴവരുടെ പരിതാപ
സ്ഥിതികളെയും ദുരിതങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൈസൂറിലായിരിക്കേ ഇംഗ്ലീഷില്‍
നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സ്വന്തം ചിലവുകളിലാണ് പുസ്തകങ്ങള്‍
പ്രസിദ്ധീകരിച്ചിരുന്നത്. സാമൂഹിക വ്യവസ്ഥയെ വിലയിരുത്തുന്ന അദ്ദേഹത്തിന്‍റെ
കൃതികള്‍ എല്ലാം തന്നെ ഗവേഷകരായ ചരിത്രകുതുകികള്‍ക്ക് എന്നും
സഹായകമായിരിക്കും.
1896ല്‍ ബാംഗ്ലൂര്‍ നഗരത്തെ ഞെട്ടിക്കുന്ന വിധം പ്ലേഗ്
ബാധയുണ്ടായപ്പോള്‍ സ്വന്തം ജീവിതം അപകടത്തിലായിട്ടും ഡോക്ടര്‍ പല്‍പ്പു പ്ലേഗ്
ബാധിത പ്രദേശങ്ങളില്‍ രാത്രിയും പകലും ഒരു പോലെ രോഗികളെ രക്ഷിക്കാനായി കഠിനാധ്വാനം
ചെയ്തുകൊണ്ടിരുന്നു. വസന്ത വന്നു ബാംഗളൂരില്‍ പതിനയ്യായിരം ജനം മരിച്ച നാളുകളില്‍
അവരുടെയിടയില്‍ പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിനു ജനത്തിന്റെ ജീവന്‍
രക്ഷിക്കുകയും ചെയ്തു.അന്ന് ശ്മശാനങ്ങളില്‍പ്പോലും രോഗികള്‍ക്ക് വാക്‌സിനേഷന്‍
നല്കാന്‍ പണിയെടുക്കണമായിരുന്നു. അക്കാലത്തെ വസന്തയെന്ന മാരക രോഗം കൂടുതല്‍
പ്രദേശങ്ങളിലേയ്ക്കു പടരാതെ നിയന്ത്രിക്കാന്‍ പല്പ്പുവിനും സഹപ്രവര്‍ത്തകര്‍ക്കും
കഴിഞ്ഞു. പല്പ്പുവിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ത്യാ സര്‍ക്കാരിലെ സര്‍ജന്റ് ജനറല്‍
നേരിട്ടു വന്നു വിലയിരുത്തുകയും പ്രശംസകള്‍ നല്കുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ
സേവനങ്ങളെ മാനിച്ച് കൂടുതല്‍ പ്രായോഗിക പരിശീലനം നേടാന്‍ ഇംഗ്ലണ്ടില്‍ അവസരങ്ങള്‍
നല്കാനും ശുപാര്‍ശ ചെയ്തു. ഇംഗ്ലണ്ടിലെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒന്നര
വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം പാരീസ്, ജര്‍മ്മനി , ജനീവാ, റോം, മുതലായ
യൂറോപ്പ്യന്‍ രാജ്യങ്ങളിലും അദ്ദേഹം പഠിച്ചു. ലണ്ടനില്‍നിന്ന് എഫ്.ആര്‍.പി.എച്ച്.
ബിരുദവും മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വൈദ്യ ശാസ്ത്രത്തില്‍ ഡിപ്ലോമാകളും നേടി.
ഇന്ത്യയില്‍ വിഖ്യാതനായ ഈ ഡോക്ടര്‍ക്ക് വിദേശ രാജ്യങ്ങളില്‍ സാമ്പത്തിക
മെച്ചങ്ങള്‍ ലഭിക്കുന്ന ജോലികള്‍ ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ അദ്ദേഹം
ഇന്ത്യയില്‍ തന്നെ മടങ്ങിവന്നു സമൂഹ നന്മക്കായി
പ്രവര്‍ത്തിക്കുകയാണുണ്ടായത്.
താമസിയാതെ അന്തരാഷ്ട്ര നിലവാരമുള്ള വാക്‌സിന്‍
നിര്‍മ്മിക്കാന്‍ പല്പ്പുവിനെ ചുമതലപ്പെടുത്തി. എന്നാല്‍ കുത്സിത ബുദ്ധികളായ
ചിലരുടെ പ്രേരണ മൂലം അദ്ദേഹത്തെ ആ ചുമതലകളില്‍ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന്
ആ അവസരം നഷ്ടപ്പെടുകയും ജോലിയില്‍ തരം താഴ്ത്തുകയും ചെയ്തു. അവര്‍ മറ്റു രീതിയില്‍
വാക്‌സിന്‍ ഉണ്ടാക്കുകയും ജനങ്ങളുടെ പരാതി മൂലം വീണ്ടും അദ്ദേഹത്തെ വിളിക്കുകയും
പുതിയതായ രീതിയില്‍ വാക്‌സിനുണ്ടാക്കാനുള്ള ഗവേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും
ചെയ്തു. അതില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച് വിജയിയാകുകയും ചെയ്തു. വീണ്ടും
മേലുദ്യോഗസ്ഥര്‍ അദ്ദേഹത്തെ പ്ലേഗ് ബാധയുടെ ചുമതലയേല്പ്പിച്ചു. അക്കാലയളവില്‍ കുഷ്ഠ
രോഗാശുപത്രി, ഭ്രാന്താശുപത്രി എന്നിവകളുടെ ചുമതലകളുമുണ്ടായിരുന്നു.
ഡോ
പല്പു 28 വയസ്സുള്ളപ്പോള്‍ കുട്ടിയപ്പിയുടെയും കാളി കൊച്ചപ്പിയുടെയും മകളായിരുന്ന
പി.കെ. ഭാഗവതിയമ്മയെ 1891 സെപ്റ്റംബര്‍ 13നു കല്യാണം കഴിച്ചിരുന്നു. അവര്‍
നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണന്‍ വൈദ്യന്റെ സഹോദരിയായിരുന്നു. രണ്ട്
പെണ്മക്കളും മൂന്ന് ആണ്മക്കളും ഈ ദമ്പതികള്‍ക്കുണ്ടായി. ഗഗാധരന്‍, ദാക്ഷ്യാമണി,
നടരാജ ഗുരു, ഹരിഹരന്‍, ആനന്ദവല്ലി എന്നിവര്‍ മക്കളായിരുന്നു.
സ്വന്തം
സമുദായത്തിലെ അംഗങ്ങള്‍ക്ക് പൊതു സമൂഹത്തോടൊപ്പം സമത്വം കൈവരിക്കണമെന്ന ചിന്തകളോടെ
അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1903ല്‍ എസ് എന്‍ ഡി പി സ്ഥാപിക്കാന്‍
തുടക്കമിട്ടത് അദ്ദേഹമാണ്. ഏതെങ്കിലും ധര്‍മ്മിഷ്ടനായ ഗുരുവിനെ കണ്ടുമുട്ടി
അദ്ധ്യാത്മികതയുടെ പാതയില്‍ക്കൂടി സ്വന്തം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍
സ്വാമി വിവേകാനന്ദന്‍ പല്പുവിന് മാര്‍ഗനിര്‍ദേശം നല്കിയിരുന്നു. ഭാരതത്തില്‍ സമൂഹ
വിജയത്തിനായും കാര്യക്ഷമമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ധ്യാത്മികത
ആവശ്യമെന്നു വിവേകാനന്ദന്‍ ഉപദേശിച്ചു. കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിനായി എസ്
എന്‍ ഡി പി ഒരു ദീപസ്തംഭംപോലെ കാലത്തിന്റെ പോക്കില്‍ വഴിത്തിരിവാകുകയും
ചെയ്തു.
കേരളത്തിലെ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ചരിത്രത്തില്‍
അവകാശങ്ങള്‍ക്കായുള്ള ഈഴവ സമരങ്ങളും അവര്‍ക്ക് അര്‍ഹമായ ജോലികളില്‍
തുല്യതയ്ക്കായുള്ള സര്‍ക്കാരില്‍ സമര്‍പ്പിച്ച നിവേദനങ്ങളും പ്രാധാന്യം
അര്‍ഹിക്കുന്നു. ഭ്രാന്തന്‍ സാമൂഹിക വ്യവസ്ഥയായിരുന്നു അക്കാലത്ത്
നിലവിലുണ്ടായിരുന്നത്. 1891ല്‍ ഡോക്ടര്‍ പല്പ്പുവിന്റെ നേതൃത്വത്തില്‍ അന്നത്തെ
ദിവാനെതിരായി മഹാരാജാവിന് ആയിരക്കണക്കിന് ജനം ഒപ്പിട്ട ഒരു നിവേദനം കൊടുത്തു.
തിരുവിതാംകൂറിലെ ദിവാനായി പുറത്തുനിന്ന് ഒരാളെ നിയമിക്കുന്നതിലും നിവേദനത്തില്‍
എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഭൂരിഭാഗം സര്‍ക്കാര്‍ ജോലികളും ദിവാന്‍ ഭരണകൂടം
സ്വന്തക്കാര്‍ക്ക് കൊടുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഈഴവരുടെ ദയനീയ അവസ്ഥ
ചൂണ്ടി കാണിച്ചുകൊണ്ട് താണ ജോലികള്‍ പോലും അവര്‍ക്ക് നല്‍കാറില്ലെന്നും
നിവേദനത്തില്‍ കുറിച്ചുട്ടുണ്ടായിരുന്നു. ജോലികള്‍ മുഴുവന്‍ ഉന്നത ജാതികള്‍ക്കു
നല്കുന്ന സാമൂഹിക വ്യവസ്ഥിതിയും വിവേചനവും മാറ്റണമെന്നും ആവശ്യപ്പെട്ടു.1891ല്‍
മലയാളം മെമ്മോറിയല്‍ എന്ന പേരില്‍ ഒരു ഭീമ ഹര്‍ജി തയാറാക്കി മഹാരാജാവായ ശ്രീമൂലം
തിരുന്നാളിന് സമര്‍പ്പിച്ചു. പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍
ഉള്‌ക്കൊണ്ട ആ മെമ്മോറാണ്ടം രാജാവിന്റെ ശ്രദ്ധയില്‍ പ്പെടുകയും
ചെയ്തു.
1891ഏപ്രില്‍ രണ്ടാം തിയതി സര്‍ക്കാരില്‍ നിന്നും പല്‍പ്പുവിന്റെ
നേതൃത്വത്തിലയച്ച മെമ്മോറാണ്ടത്തിനു മറുപടി കിട്ടി. 'ഈഴവര്‍
വിദ്യാഭ്യാസമില്ലാത്തവരെന്നും വിദ്യ അഭ്യസിക്കുന്നതിനു പകരം അവരുടെ തൊഴിലുകളായ
കൃഷിയിലും കയറുണ്ടാക്കലും കള്ളിനായി തെങ്ങും പനകളും ചെത്തുന്ന തൊഴിലുകള്‍ തുടരാനും
സര്‍ക്കാര്‍ അയച്ച മറുപടിയിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പല്‍പ്പു
നിരാശനായിരുന്നു. മനുഷ്യത്വപരമല്ലാത്ത മറുപടിയില്‍ ഡോ പല്‍പ്പുവിനു സര്‍ക്കാരിനോട്
പുച്ഛമാണുണ്ടായത്. സര്‍ക്കാരിന്റെ പ്രകോപനപരമായ മറുപടിയില്‍ പല്പ്പുവിനെ
കുപിതനാക്കുകയും ചെയ്തു. ഔദ്യോഗികമായ ആ കത്ത് ഈഴവ സമുദായത്തെ മുഴുവന്‍ അവഹേളിക്കും
വിധമെന്നു പല്‍പ്പു ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം
സ്വന്തം നാട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും പിന്നോക്ക വിഭാഗങ്ങളായ ഈഴവരെ
സംഘടിപ്പിച്ച് രാജാവിനെതിരെ പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു. സംഘിടത
ശക്തിയുടെ ആവശ്യകതയും അദ്ദേഹം മനസിലാക്കി. അതിനായി, സര്‍ക്കാരിന്റെ
വിവേചനങ്ങള്‍ക്കെതിരെ ഈഴവ സംഘടനകളും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍
പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
അധികാര വര്‍ഗങ്ങളുടെ സഹായത്തോടെ അനന്തപുരിയിലും
തിരുവിതാംകൂറിന്റെ ഇതരഭാഗങ്ങളിലും മലബാറിലും കൊച്ചിയിലും ഈഴവരെ പീഡിപ്പിക്കുന്ന
സംഭവ പരമ്പരകള്‍ ഡോ പല്‍പ്പുവിനെ വേദനിപ്പിച്ചിരുന്നു. ഈഴവര്‍ ഒറ്റക്കെട്ടായി
അനീതിയ്‌ക്കെതിരെ പോരാടണമെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വികാരങ്ങളും
ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. അതിനായി 'വിശാല ഈഴവ സംഘടന' യെന്ന പേരില്‍ ഒരു
സംഘടനയുമുണ്ടാക്കി. തിരുവനന്തപുരത്തു കൂടിയ ആദ്യ സമ്മേളനത്തില്‍ മുന്നൂറില്‍പ്പരം
ജനം അന്ന് പങ്കെടുത്തിരുന്നു. 1900ത്തില്‍ ലോര്‍ഡ് കര്‍സന്‍ പ്രഭു തിരുവിതാംകൂര്‍
സന്ദര്‍ശിച്ചപ്പോള്‍ പതിനായിരക്കണക്കിനു ഒപ്പുകള്‍ ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി
സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഈ സമ്മേളനത്തിനു സാധിച്ചു. ഈഴവരായി ജനിച്ചതുകൊണ്ടു
തനിക്കും തന്റെ സ്വന്തം കുടുംബത്തിനുമുണ്ടായ കഷ്ടപ്പാടുകളെ സംബന്ധിച്ചും
ഹര്‍ജിയില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. ഈ ഹര്‍ജിയെ' ഈഴവ മെമ്മോറിയല്‍'
എന്നറിയപ്പെടുന്നു. ആ നിവേദനം ഈഴവ ചരിത്രത്തെ മാറ്റിയെഴുതുന്ന ഒരു
നാഴികക്കല്ലായിരുന്നു.
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഈഴവര്‍ക്കെതിരെയുള്ള
സാമൂഹിക അനീതിയ്‌ക്കെതിരെ പല്‍പ്പു ബ്രിട്ടീഷ് പാര്‍ല മെന്റെനെയും സ്വാധീനിക്കാന്‍
ശ്രമിച്ചു. അദ്ദേഹത്തിന്‍റെ സ്വാധീനത്തിനു പുറമേ പ്രസിദ്ധരായ ബാരിസ്റ്റര്‍ ജീ.പി.
പിള്ള, സ്വാമി വിവേകാനന്ദന്റെ ശിക്ഷ്യ സിസ്റ്റര്‍ നിവിദിത്ത, എന്നിവരുടെ സഹകരണവും
ലഭിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിവേദനവുമായി പോകാനുള്ള ചെലവുകള്‍ കൂടുതലും
വഹിച്ചിരുന്നത് പല്‍പ്പുവായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിനു
പോയപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ദാദാബായി നവറോജിയെ കണ്ടുമുട്ടുകയും
ഈഴവരുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു. പല്‍പ്പുവിന്റെ ശ്രമഫലങ്ങള്‍
ഫലവത്താകുകയും ഈഴവരുടെ സ്ഥിതിവിവരങ്ങളറിയാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍
ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.
സ്വാമി വിവേകാനന്ദന്‍, സരോജനീ നായിഡു
എന്നിവരെപ്പോലുള്ള ദേശീയ നേതാക്കളുമായി ഡോക്ടര്‍ പല്പ്പുവിനു സൗഹാര്‍ദ
ബന്ധങ്ങളുണ്ടായിരുന്നു. വര്‍ഗീയ വാദിയെന്ന് ചിലര്‍ പല്പ്പുവിനെ മുദ്ര
കുത്തിയപ്പോള്‍ 'മഹാനായ വിപ്ലവകാരി'യെന്നു സരോജനി നായിഡു അദ്ദേഹത്തെ
വിശേഷിപ്പിച്ചു. വിവേകാനന്ദന്‍ മൈസൂറില്‍ സന്ദര്‍ശിക്കുന്ന വേളകളിലെല്ലാം
പല്പ്പുവും വിവേകാനന്ദനും തമ്മില്‍ ഒന്നിച്ചു യാത്രകള്‍ ചെയ്യുകയും ആത്മീയമായ
ബന്ധങ്ങള്‍ ഇരുവരും സുസ്ഥിരമാക്കുകയും ചെയ്തിരുന്നു.
ഡോക്ടര്‍ പല്പു
ജോലിയില്‍ നിന്നു വിരമിച്ച ശേഷം 'മലബാര്‍ സാമ്പത്തിക യൂണിയന്‍' എന്നൊരു വ്യവസായ
സ്ഥാപനം തുടങ്ങി. അതിലെ ആദായം പൊതു ജനങ്ങളുടെ ക്ഷേമത്തിനായും ഉപയോഗിച്ചു.
കേരളത്തിലാണെങ്കിലും പിന്നോക്ക സമുദായക്കാര്‍ക്കു വേണ്ടി അദ്ദേഹം സാമൂഹിക
സേവനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഈഴവരുടെ ദുരവസ്തകളെ സംബന്ധിച്ച് ഇംഗ്ലീഷ്
പത്രങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു. രചിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്
സ്വന്തം ചെലവിലായിരുന്നു. തീയരോടുള്ള അവഗണനകള്‍, തിരുവിതാം കൂര്‍ സര്‍ക്കാരിന്
സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍, പത്രങ്ങളില്‍ വന്ന സാമൂഹിക കുറിപ്പുകള്‍ മുതലായ
ലേഖന സമാഹാരങ്ങള്‍ പുസ്തകരൂപത്തിലുമുണ്ട്. കേരളത്തിലെ ഈഴവരുടെ സാമൂഹിക
പശ്ചാത്തലങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ അദ്ദേഹം ഇംഗ്ലീഷിലുളള
മാസികകളിലും ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ലേഖനങ്ങള്‍ സമാഹരിച്ച്
'കേരളത്തിലെ തീയരോടുള്ള പെരുമാറ്റം' എന്ന പേരില്‍ ഒരു പുസ്തകവും
പ്രസിദ്ധീകരിച്ചിരുന്നു. സി കേശവന്റെ രാഷ്ട്രീയ ചിന്തകളില്‍ അദ്ദേഹത്തിന്റെ
പിന്തുണയുമുണ്ടായിരുന്നു. പുറത്തുനിന്നു വരുന്ന ദിവാന്മാര്‍ അവരുടെ നാട്ടുകാര്‍ക്ക്
ഉയര്‍ന്ന ജോലികളില്‍ മുന്‍ഗണന നല്കുന്നതിലും ഈഴവരെ ജാതിയുടെ പേരില്‍ സര്‍ക്കാര്‍
ജോലികളില്‍ അകറ്റി നിര്‍ത്തുന്നതിലും പല്‍പ്പു പ്രതിഷേധിച്ചിരുന്നു. ബ്രിട്ടീഷ്
പാര്‍ലമെന്റ് അംഗമായിരുന്ന ദാദാബായി നവറോജി ദളിതരുടെ പ്രശ്‌നങ്ങള്‍ അവിടെ
പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതും പല്പ്പുവിന്റെ ശ്രമഫലങ്ങള്‍
കൊണ്ടായിരുന്നു.
സാമൂഹിക വ്യവസ്ഥകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആദ്ധ്യാത്മിക ചിന്തകളിലേയ്ക്കും ഡോ പല്‍പ്പു സമയം
കണ്ടെത്തിയിരുന്നു. വേദങ്ങളിലും സത്യത്തിന്റെ വഴിയായ ധര്‍മ്മത്തിലും അദ്ദേഹം
വിശ്വസിച്ചിരുന്നു. പരമമായ സത്യം, നിസ്വാര്‍ത്ഥമായ സ്‌നേഹം,
മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ആത്മാര്‍ത്ഥമായ സേവനം എന്നിവകള്‍ പല്‍പ്പുവിന്റെ ജീവിത
ദര്‍ശനങ്ങളായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ വലം കൈയായി ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളില്‍ക്കൂടി അദ്ദേഹവും കര്‍മ്മ നിരതനായി പ്രവര്‍ത്തിച്ചു.
മിഥ്യാചാരങ്ങളെയും കപട വിശ്വാസങ്ങളെയും സാമൂഹിക ദ്രോഹങ്ങളെയും പുരോഹിത
കുടിലിതകളെയും എതിര്‍ക്കുകയെന്നതു സ്വന്തം ധര്‍മ്മമായി അദ്ദേഹം കരുതിയിരുന്നു.
നാരായണ ഗുരുവിന്റെ തത്ത്വജ്ഞാനപരമായ സന്ദേശങ്ങളായിരുന്നു അദ്ദേഹം ഹൃദയത്തില്‍
ഉള്‌ക്കൊണ്ടിരുന്നത്. "ധര്‍മ്മത്തില്‍ ഒരു ജാതി മാത്രമേയുള്ളൂ, ഒരു മതവും ആ
മതത്തില്‍ ഒരു ദൈവവും. ആ ധര്‍മ്മമാണ് നമ്മുടെ ദൈവവും സത്യവും. മനുഷ്യരെല്ലാം
ധര്‍മ്മാനുവര്‍ത്തിയായി നിയമങ്ങള്‍ പാലിക്കേണ്ടതും ഒരേ ദൈവത്തില്‍
മാത്രം."
ധര്‍മ്മം നിലനിര്‍ത്താന്‍ പല്‍പ്പു എന്തു സഹനങ്ങള്‍ക്കും
തയ്യാറായിരുന്നു. ധര്‍മ്മത്തിനായി, കര്‍മ്മ നിരതനായി പ്രവര്‍ത്തിക്കാന്‍ സ്വന്തം
കുട്ടികളുടെ ഭാവി പോലും ചിന്തിച്ചിരുന്നില്ല. ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നതിനൊപ്പം
സ്വന്തം ജീവിതവും മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ
സ്വത്തുക്കളും കുട്ടികളുടെയും ഭാര്യയുടെയും സ്വത്തുക്കളും സമൂഹത്തിനായി അവരുടെ
പുരോഗതിക്കായി കൊടുത്തു. അദ്ദേഹം പറഞ്ഞതിങ്ങനെ, "നാം എല്ലാം പൊതു സേവകരാണ്.
സമൂഹത്തിന്റെ നന്മക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. അതിനായി സമൂഹത്തിന്റെ
കെട്ടുറപ്പും സാമ്പത്തിക സുസ്ഥിരതയും നേടണം. പാവങ്ങള്‍ക്കായി ഒരു പൊതു ഫണ്ടും
രൂപീകരിക്കണം. ഞാന്‍ അതുകൊണ്ട് എനിക്കുള്ള സ്വത്തുക്കള്‍ മുഴുവനും ഭാവി വരുമാനവും
എന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും സ്വത്തുക്കളും സമൂഹത്തിനു മൊത്തമായി
നല്കുന്നു."
ഭാരതം റിപ്പബ്ലിക്കാകുന്നതിനു ഒരു ദിവസം മുമ്പ് 1950 ജനുവരി
ഇരുപത്തിയഞ്ചാം തിയതി പല്‍പ്പു മരിച്ചു. അന്ന് രാഷ്ട്രത്തിനു മഹാനായ ഒരു നേതാവിനെ,
ജീവകാരുണ്യ പ്രവര്‍ത്തകനെ നഷ്ടപ്പെട്ടതില്‍ മനുഷ്യ സ്‌നേഹികളായ എല്ലാവരും ഒന്നുപോലെ
വിലപിച്ചു.
വിപ്ലവകാരിയായ ആ മഹാന്റെ സ്വാധീനത്തിലാണ് കുമാരന്‍
ആശാന്‍, ടീ.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ ഈഴവരുടെ സാമൂഹിക
പരിഷ്ക്കര്‍ത്താക്കളായി രംഗത്ത് വന്നത്. കുമാരനാശാനെ ചിന്നസ്വാമിയെന്നു പല്‍പ്പു
വിളിച്ചിരുന്നു. പെരിയ സ്വാമി നാരായണ ഗുരുവും. ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം
പ്രചരിപ്പിക്കാനായി ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ച സ്വാമി ഡോക്ടര്‍ നടരാജ ഗുരു
ഡോക്ടര്‍ പല്പ്പുവിന്റെ മകനായിരുന്നു. (തുടരും )