Image

പന്നുനെ യുഎസ് മണ്ണിൽ കൊല്ലാൻ ഗൂഢാലോചന നടത്തിയ നിഖിൽ ഗുപ്തയ്ക്കു 24 വർഷം തടവ് ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു (പിപിഎം)

Published on 16 November, 2026
പന്നുനെ യുഎസ് മണ്ണിൽ കൊല്ലാൻ ഗൂഢാലോചന നടത്തിയ നിഖിൽ ഗുപ്തയ്ക്കു 24 വർഷം തടവ് ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു (പിപിഎം)

ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിനെ ന്യൂ യോർക്കിൽ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്തയ്ക്കു 24 വർഷത്തിലധികം (293 മാസം) തടവ് ശിക്ഷ നൽകണമെന്നു യുഎസ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നവംബർ 20നാണു ന്യൂ യോർക്ക് ഫെഡറൽ ജഡ്ജ് വിക്ടർ മറേറോ ശിക്ഷ വിധിക്കുക.

ഗുപ്തയ്ക്കു അത്രയും വലിയ ശിക്ഷ നൽകേണ്ടതില്ല എന്നാണ് അയാളുടെ അഭിഭാഷകരുടെ വാദം. 144 മാസം തടവ് എന്ന പ്രൊബേഷൻ വകുപ്പിന്റെ ശുപാർശ അവർ ഉയർത്തിപ്പിടിക്കുന്നു.

ഗുപ്ത (55) ഖേദം പ്രകടിപ്പിച്ചു ജഡ്ജിനു കത്തയച്ചിട്ടുണ്ട്. മദ്യപാനശീലം തന്നെ നശിപ്പിച്ചു എന്നും മറ്റുമാണ് വാദങ്ങൾ.

ഫെബ്രുവരിയിൽ ഗുപ്ത കുറ്റം ഏറ്റത് വിചാരണയിൽ വെളിപ്പെടുന്ന വിവരങ്ങൾ മറയ്ക്കാനാണ് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. കൊല നടത്താൻ തന്നെ  വാടകയ്ക്കെടുത്തെന്നു ഗുപ്ത സമ്മതിച്ചു. ഇന്ത്യയിൽ നിന്നു വികാഷ് യാദവ് എന്ന സർക്കാർ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശം അനുസരിച്ചാണ് ഗുപ്ത പ്രവർത്തിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചിട്ടുണ്ട്. ഇന്ത്യ പക്ഷെ അത് നിഷേധിച്ചിട്ടുണ്ട്.  

അമേരിക്കൻ മണ്ണിൽ വിദേശിയായ യുഎസ് പൗരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പ്രതിക്ക് ശിക്ഷ ഇളവ് നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കൊല നടത്തിക്കഴിഞ്ഞാൽ ഗുപ്തയ്ക്കു ആയുധ വിൽപ്പനയിലൂടെയും ലഹരി കടത്തിലൂടെയും പണം സമ്പാദിക്കാൻ സഹായം നൽകാമെന്നു യാദവ് വാഗ്ദാനം നൽകിയിരുന്നുവെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മദ്യപാനശീലത്തെ കുറിച്ച് പറയുന്നതു വിചിത്രവുമാണ്.

ഓരോ കുറ്റത്തിനും ഗുപ്തയ്ക്കു പരമാവധി ശിക്ഷ നൽകണമെന്നു പന്നുൻ ആവശ്യപ്പെട്ടു. ഈ ഗൂഢാലോചന വർഷങ്ങളോളം തന്റെ ജീവിതത്തെ ബാധിച്ചതാണ്. സുരക്ഷ വർധിപ്പിക്കേണ്ടി വന്നപ്പോൾ അഭിഭാഷക വൃത്തി തന്നെ ശരിയായി ചെയ്യാൻ കഴിയാതായി.

US prosecution seeks heavy punishment for Nikhil Gupta  

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക