
പൂനെയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് 192 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം, പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര ലാന്‍ഡിംഗ് നടത്തി. ലാന്‍ഡിംഗ് ഗിയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് വിമാനം പൂനെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് മടങ്ങാതെ പുറത്തേക്ക് തന്നെ നില്ക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര ലാന്‍ഡിംഗ്.
രാവിലെ 9.04 നായിരുന്നു സംഭവം. വിമാനം സുരക്ഷിതാമായി താഴെയിറക്കിയതായും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൈലറ്റിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്, പൂനെ വിമാനത്താവള അധികൃതര്‍ എയര്‍ ട്രാഫിക് കണ്ട്രോള്, ഇന്‍ഡിഗോ, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ഏകോപിച്ച് പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ വ്യോമസേന പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, അഗ്നിശമന സേന, ആംബുലന്‍സുകള്‍, അടിയന്തര പ്രതികരണ സംഘങ്ങള്‍ എന്നിവയെ സജ്ജമാക്കുകയും ചെയ്തു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, വിമാനം റണ്‍വേയ്ക്ക് തൊട്ടുമുകളിലൂടെ താഴ്ന്ന ഉയരത്തില്‍ പറന്നു. ലാന്‍ഡിംഗ് ഗിയറിന്റെ അവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായിരുന്നു ഇത്.
വിമാനം നിലത്തിറങ്ങിയ ശേഷം, മൂന്ന് അഗ്നിശമന വാഹനങ്ങളും രണ്ട് ആംബുലന്‍സുകളും ചേര്‍ന്ന് ബേ നമ്പര്‍ 7-ലേക്ക് എത്തിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചതോടെ, രാവിലെ 9:10-ന് പൂര്‍ണ അടിയന്തരാവസ്ഥ പിന്‍വലിച്ചു. തുടര്‍ന്ന് എയറോബ്രിഡ്ജ് ഘടിപ്പിക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 192 പേര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനമായ ഗുവാഹത്തിയില്‍ എത്തിക്കുന്നതിനായി, ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്ക് മറ്റൊരു വിമാനം ഇന്‍ഡിഗോ ക്രമീകരിക്കുന്നുണ്ട്.
വിമാനത്താവളം, എയര്‍ ട്രാഫിക് കണ്ട്രോള്, എയര്‍ലൈന്‍, മറ്റ് ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള കൃത്യമായ ഏകോപനത്തിലൂടെയാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചതെന്നും, ഈ പ്രക്രിയയിലുടനീളം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തിനിടയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയത് എന്ന് ഇന്‍ഡിഗോ അറിയിച്ചു