Image

വിവാഹത്തിനായി കാനഡയിൽ നിന്ന് രാജസ്ഥാനിലെത്തി 61കാരി; പ്രായം അറിഞ്ഞതോടെ 31കാരനായ വരൻ പിന്മാറി

Published on 15 November, 2026
വിവാഹത്തിനായി  കാനഡയിൽ നിന്ന് രാജസ്ഥാനിലെത്തി 61കാരി; പ്രായം അറിഞ്ഞതോടെ 31കാരനായ വരൻ പിന്മാറി

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ 61 കാരിയായ വിദേശ വനിതയ്ക്ക് ദുരനുഭവം. സ്ത്രീയുടെ  യഥാർത്ഥ പ്രായം മനസ്സിലാക്കിയതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ നീംറാണയിലാണ് സംഭവം.

ഹരിയാണയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനു(31)മായി ഏകദേശം ഒരു വർഷം മുമ്പാണ് കാനഡ സ്വദേശിനിയായ 61 കാരി ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുന്നത്. തുടർന്ന് സോഷ്യൽ മീഡിയ വഴി നിരന്തരം സംസാരിച്ച ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് വിസയിൽ നവംബർ 11-നാണ് കാനഡയിൽ നിന്ന് യുവതി ഡൽഹിയിൽ എത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയെ നിതിൻ നേരിട്ട് ചെന്ന് സ്വീകരിക്കുകയും, തുടർന്ന് രാജസ്ഥാനിലെ നീംറാണയിലുള്ള തന്റെ ബന്ധുക്കളുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അവിടെ രണ്ടു ദിവസത്തോളം ഇവർ ഒരുമിച്ച് താമസിച്ചു.

ഇതിനിടയിലാണ് സ്ത്രീയുടെ യഥാർത്ഥ പ്രായം യുവാവ് അറിയുന്നത്. പ്രായവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ നിതിൻ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ വലിയ തർക്കത്തിന് കാരണമായി.

തുടർന്ന് നവംബർ 13-ന് സ്ത്രീ കനേഡിയൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. എംബസി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീംറാണ പോലീസ് സ്ഥലത്തെത്തുകയും ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി അന്വേഷണം നടത്തുകയും ചെയ്തു. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കനേഡിയൻ വനിതയെ കോട്പുത്‌ലിയിലെ സേഫ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക