
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായ പ്രമുഖനും ജെം ഗ്രാനൈറ്റ്‌സ് ഉടമയുമായ ആർ. വീരമണിയുടെ റോയപ്പേട്ടയിലെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.
വീരമണിക്കെതിരേ ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതമാരിൽ ഒരാളും മുൻ ഡ്രൈവറും നൽകിയ മൊഴികളാണ് പോലീസിനെ ഈ പരിശോധനക്ക് നയിച്ചത്. വീരമണി പീഡനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൂന്ന് വീഡിയോകളും അന്വേഷണ സംഘം ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്.
വീരമണിയുടെ വീട് പീഡനത്തിനിരയായ കുട്ടികളുടെ ശ്മശാനമാണെന്നായിരുന്നു ഡ്രൈവറുടെ മൊഴി. പീഡനത്തിനിരയായ കുട്ടികളെ വീരമണിയുടെ മുന്നിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഡ്രൈവർ.
കേസിൽ ഇതുവരെ വീരമണിക്കെതിരേ ഒൻപത് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിൽ 720 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, അന്വേഷണത്തിൽ വീഴ്ചവരുത്തിയ മുൻ ചെന്നൈ പോലീസ് കമ്മിഷണർ എ. അരുൺ ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തത് കേസിൽ വൻ വഴിത്തിരിവായിരിക്കുകയാണ്. കൃത്യവിലോമം കാണിച്ച മൂന്ന് വനിതാ പോലീസുകാരെയും ഇതിനോടകം ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.