
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് ആഗ്രഹം പ്രകടിപ്പിച്ചതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഡൽഹിയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇന്ത്യാ സഖ്യം ഐക്യത്തോടെ തുടരുമെന്നും നിലവിലുള്ള സഖ്യത്തിൽ മാറ്റമൊന്നും കാണുന്നില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. അതേസമയം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതിയുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന വിഷയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഭക്തരുടെ മതവികാരം സംരക്ഷിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ച് ലോക റെക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ അവിടെ വഴിപാടുകൾ മോഷ്ടിക്കപ്പെടുന്നത് അറിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.
ആദ്യം ഇറ്റാവയിലെ കേദാരേശ്വർ ധാം സന്ദർശിച്ച ശേഷം അയോധ്യയിൽ ദർശനം നടത്തുമെന്നും, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്പിയെ വിജയിപ്പിച്ച ഫൈസാബാദിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് അഖിലേഷ് യാദവ് സമ്മിറ്റിൽ ഉന്നയിച്ചത്. സംസ്ഥാനത്ത് 20-ലധികം മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതായും 69,000 അസിസ്റ്റന്റ് അധ്യാപക നിയമനത്തിൽ സംവരണ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.