Image

വളർമതി ഐസിയുവിൽ തുടരുന്നു; നിരാഹാരം തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ

Published on 15 November, 2026
വളർമതി ഐസിയുവിൽ തുടരുന്നു; നിരാഹാരം തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന എസ്. വളർമതി ജനറൽ ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടരുന്നു. സമരം 21-ാം ദിവസത്തിലേക്ക് കടന്നതോടെ ഇവരുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഷുഗർ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് ക്രമാതീതമായി കുറയുകയാണെന്നും, നിരാഹാരം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

അതേസമയം, വളർമതിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നീക്കം നടത്തിയെന്ന് ആരോപിച്ച് റാങ്ക് ഹോൾഡർമാർ രംഗത്തെത്തി. ഉദ്യോഗാർത്ഥികളുടെ ജീവൻ വെച്ച് സർക്കാർ പന്താടുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. എന്നാൽ വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. 

സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടിക്ക് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി എത്തിയതോടെ സമരം കൂടുതൽ ശക്തമായിരിക്കുകയാണ്. അധ്യാപക നിയമനത്തിലെ പ്രതിസന്ധികൾ പരിഹരിച്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് റാങ്ക് ഹോൾഡർമാർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക