Image

വട്ടവടയെ കാക്കാൻ ഹരിത കവചം: വാഹനങ്ങൾക്ക് 30 മുതൽ 100 രൂപ വരെ പ്രവേശന നിരക്ക്

Published on 04 November, 2026
വട്ടവടയെ കാക്കാൻ ഹരിത കവചം: വാഹനങ്ങൾക്ക് 30 മുതൽ 100 രൂപ വരെ പ്രവേശന നിരക്ക്

​മൂന്നാർ: പ്രമുഖ ശീതകാല വിനോദസഞ്ചാര കേന്ദ്രമായ വട്ടവടയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് പഞ്ചായത്ത് പ്രവേശന ഫീസ് ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ പ്രദേശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത് തടയാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് ഈ നടപടി. വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ച് 30 രൂപ മുതൽ 100 രൂപ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

​വട്ടവടയുടെ പ്രവേശന കവാടമായ ഊർക്കാട് കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത ചെക്‌പോസ്റ്റ് സ്ഥാപിച്ചാണ് ഫീസ് പിരിവ് ആരംഭിച്ചത്. വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വേതനം കണ്ടെത്തുന്നതിനാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയതെന്ന് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൂര്യരാജ് വ്യക്തമാക്കി. പരിസ്ഥിതിലോലമായ വട്ടവടയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ സന്ദർശകരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

​ചെക്‌പോസ്റ്റിൽ പ്രവേശന ഫീസ് ഈടാക്കുന്നതിനൊപ്പം വാഹനങ്ങളിലെ യാത്രക്കാർക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനായി പ്രത്യേക ശേഖരണ സഞ്ചികളും നൽകും. സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ സഞ്ചാരികൾക്ക് ഇവ ചെക്‌പോസ്റ്റിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് തിരികെ കൈമാറാം. ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും കാർ ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്. ബസ് അടക്കമുള്ള വലിയ യാത്രാവാഹനങ്ങളിൽ നിന്ന് 100 രൂപ വീതമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക