Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published on 04 November, 2026
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ മേഖലകളിലെ ഒന്നിലധികം ചക്രവാതച്ചുഴികളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.

​വ്യാഴാഴ്ച പത്തനംതിട്ടയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

​ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിലും, തീരദേശ കർണാടകയ്ക്കും തെക്കൻ തമിഴ്‌നാടിനും മീതെയായി മൂന്ന് ചക്രവാതച്ചുഴികൾ ഒരേസമയം നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനത്താൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക