
കോഴിക്കോട്: റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിക്കല്‍ പതിവായതോടെ ഒടുവില്‍ പട്ടിപിടിത്തക്കാരെയുമായെത്തി റോഡ് വീതികൂട്ടാനായി സ്ഥലമേറ്റെടുത്തു. കോഴിക്കോട് മലാപ്പറമ്പ് -വെള്ളിമാടുകുന്ന് റോഡില്‍ പാറോപ്പടിയിലാണ് സംഭവം.
റോഡ് നാലുവരിപ്പാതയാക്കാനുള്ള പ്രവൃത്തി അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണെങ്കിലും പാറോപ്പടി പള്ളിക്കു സമീപമുള്ള 6.5 സെന്റ് ഭൂമി മാത്രമാണ് അവിടെ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ കാലങ്ങളായുള്ള എതിര്‍പ്പു കാരണം ഏറ്റെടുത്ത് െപാതുമരാമത്ത് വകുപ്പിന് കൈമാറാന്‍ കഴിയാതിരുന്നത്. നായ്ക്കളെവിട്ട് പേടിപ്പിക്കുന്നതിനാല്‍ നോട്ടീസ് പോലും പതിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് എല്ലാ സന്നാഹങ്ങളുമായാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉദ്യോഗസ്ഥരെത്തിയത്. കളക്ടറുടെ ഉത്തരവു പ്രകാരം കോഴിക്കോട് തഹസില്‍ദാരെ എക്‌സിക്യുട്ടീവ് മജിസ്േട്രറ്റായി സ്ഥലത്ത് നിയോഗിക്കുകയുംചെയ്തു. പോലീസിനു പുറമെ വനിതാ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു.
നഗരപാത പദ്ധതിയുടെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി. ദിലീപിന്റെ നേതൃത്വത്തില്‍ റവന്യൂ -പൊതുമരാമത്ത് സംഘം എത്തിയപ്പോള്‍ സ്ത്രീകള്‍ കല്ലെറിയുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ അവര്‍ ചെറുത്തുനിന്നു. തുടര്‍ന്ന് പോലീസിന്റെ സംരക്ഷണത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഏറ്റെടുക്കല്‍ നടപടി തുടങ്ങുകയായിരുന്നു.
വീട്ടില്‍ നിറയെ തെരുവു നായ്ക്കളുണ്ടായിരുന്നെങ്കിലും പട്ടിപിടിത്തക്കാരെ കണ്ടതോടെ അവയെ വീടിന്റെ ഉള്ളിലേക്ക് തന്നെ മാറ്റി. ഭൂമിയുടെ രേഖകള്‍ ഇതുവരെ നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ ഇവരുടെ പേരില്‍ 92 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ട്. ഭൂമി ഇവരുടെതാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. പക്ഷേ, റോഡിന്റെ അലൈന്‍മെന്റ് തങ്ങളുടെ ഭൂമിയിലൂടെയല്ല പോവുന്നത് പിന്നെ എന്തിന് നഷ്ടപരിഹാരത്തുക വാങ്ങണം എന്ന നിലപാടാണ് സ്ത്രീകളുടേത്. ഭൂമിവിട്ടുകൊടുത്ത് ഒപ്പിട്ടാല്‍ സര്‍ക്കാരിന്റെതായി മാറും. അതിന് തങ്ങള്‍ തയ്യാറല്ലെന്ന് ചൊവ്വാഴ്ചയും എല്ലാവരോടും പറഞ്ഞു.
പാറോപ്പടിയില്‍ കാടുമൂടിക്കിടക്കുന്ന സഥലത്ത് ഒറ്റമുറിവീട്ടിലാണ് സ്ത്രീകള്‍ താമസിക്കുന്നത്. വീട്ടില്‍ നിറയെ തെരുവു പട്ടികളായതിനാല്‍ ഭയന്ന് ആരും ഇവിടേക്ക് അടുക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. എല്ലാവരെയും പട്ടിയെ തുറന്നുവിട്ട് ഓടിക്കുകയാണ് പതിവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ പലതവണ ഇവിടെനിന്ന് പട്ടികളെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സരിത പറയേരി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും അനുനയനത്തിന് തയ്യാറാവാതെ അവരോടും ഇറങ്ങിപ്പോവാനാണ് ആവശ്യപ്പെട്ടത്. പട്ടിപിടിത്തക്കാരെയും അവിടെനിന്ന് പിടിച്ചു പുറത്താക്കി. വൈകുന്നേരംവരെ ചെറുത്തുനില്‍പ്പ് തുടര്‍ന്നെങ്കിലും അഞ്ചു മണിയോടെ മരങ്ങള്‍ എല്ലാം മുറിച്ചുമാറ്റി നടപടികള്‍ പൂര്‍ത്തിയാക്കി.
തങ്ങളുടെ അമ്മയ്ക്ക് അവരുടെ അച്ഛന്‍ ഇഷ്ടദാനമായി 1982-ല്‍ നല്‍കിയ ഭൂമിയാണ്. 1945-ല്‍ എഴുതിയ ആധാരമാണ്. അതിന് നികുതി അടച്ചുവരുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. രേഖയില്ലെന്നുപറഞ്ഞ് തങ്ങളുടെ ഭൂമി പുറമ്പോക്കാക്കി മാറ്റാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും എല്ലാവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു. 15 സെന്റ് ഭൂമിയാണുള്ളത്. അതില്‍ വീടൊഴികെയുള്ള 6.5 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവര്‍ക്ക് കൗണ്‍സലിങ് നടത്തി മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ട്.