Image

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

Published on 04 November, 2026
 നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്നത്തെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ടി.ബി. മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് നേരത്തെ തനിക്കെതിരെ ഉണ്ടായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിച്ചു. വിശദമായി കേള്‍ക്കുന്നതിനായി ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് അഭിഭാഷകയ്ക്കെതിരെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായത്. അതിജീവിതയുടെ അഭിഭാഷക എവിടെ എന്ന് കോടതി ചോദിക്കുകയും അതിനു പിന്നാലെ 
ചില വ്യക്തിഗത പരാമര്‍ശങ്ങള്‍ കോടതി നടത്തുകയും ചെയ്തിരുന്നു. അഭിഭാഷക പത്ത് ദിവസം മാത്രമേ കോടതിയില്‍ ഉണ്ടായിട്ടുള്ളൂവെന്നും പല ദിവസങ്ങളിലും കോടതിയില്‍ ഉറങ്ങുകയാണ് പതിവെന്നുമാണ് വിചാരണ കോടതി ജഡ്ജി പറഞ്ഞത്. അന്നത്തെ ആ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയിലടക്കം വലിയ ആക്രമണം അതിജീവിതയുടെ അഭിഭാഷകയ്ക്ക് നേരിടേണ്ടി വരികയും ചെയ്തു. ഇത്തരത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതായി അതിജീവിതയുടെ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വിചാരണ കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിനും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ സംഭവം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന മറുപടിയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്ന് അതിജീവിതയുടെ അഭിഭാഷകയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിചാരണ കോടതി ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക