Image

ഇറാന്റെ ഖാഷേം ദ്വീപിൽ യുഎസ് സേന ആക്രമണം നടത്തി; പ്രതിരോധമെന്നു വിശദീകരണം (പിപിഎം)

Published on 03 November, 2026
ഇറാന്റെ ഖാഷേം ദ്വീപിൽ യുഎസ് സേന ആക്രമണം നടത്തി; പ്രതിരോധമെന്നു വിശദീകരണം (പിപിഎം)

ഇറാന്റെ ഖാഷേം ദ്വീപിൽ റഡാറുകൾക്കും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും നേരെ യുഎസ് തിങ്കളാഴ്ച്ച ആക്രമണം നടത്തി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപ് നടത്തിയ ആക്രമണം പ്രതിരോധത്തിന്റെ തുടർച്ചയാണെന്നു യുഎസ് സൈന്യം വിശദീകരിച്ചു.

സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വ്യക്തമാക്കുകയും ഇറാൻ അല്പം അയഞ്ഞ നിലപാട് സൂചിപ്പിക്കയും ചെയ്തതിന്റെ പിന്നാലെയാണീ ആക്രമണം.

യുഎസ് കൂടുതൽ വ്യാപകമായ ആക്രമണം തുടങ്ങുന്നതിന്റെ സൂചനയല്ല ഇതെന്നു ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച്ച ഹോർമുസ് കടലിടുക്കിൽ ഇറാൻ വിപ്ലവ സേന ഐ ആർ ജി സി ഒരു യുഎസ് വിമാനത്തിനു നേരെ വെടിവച്ചതാണ് പ്രകോപനമായത്.

ഇറാനുമായി ഒത്തുതീർപ്പു വൈകാതെ ഉണ്ടാവുമെമെന്നാണ് തിങ്കളാഴ്ച്ച ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചത്.  യുദ്ധം ഉണ്ടാവില്ല എന്ന തോന്നൽ ഉണ്ടായതിനാൽ  എണ്ണ വില കുത്തനെ ഇടിയുകയാണെന്നും അദ്ദേഹം കുറിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ആക്രമണം ഉണ്ടാവുമോ എന്നു റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് "ഇല്ല" എന്നാണ്.

ഇറാന്റെ ആവശ്യങ്ങൾ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നു വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു. "പന്ത് അവരുടെ കളത്തിലാണ്."

എന്നാൽ യുഎസ് ഇറാന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനകം ഹോർമുസ് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഇറാന്റെ മേലുളള നാവിക ഉപരോധം നീക്കണം, യുദ്ധം നിർത്തണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.  

ഹോർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഖാഷേം പേർഷ്യൻ ഗൾഫിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ്. നാവിക താവളവും ഭൂഗർഭ ആണവ കേന്ദ്രവുമുള്ള ദ്വീപിൽ യുഎസ് പലകുറി ആക്രമണം നടത്തിയിട്ടുണ്ട്.

ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്നാണ് ഒത്തുതീർപ്പിനു ശ്രമം നടത്തുന്നത്.  

US hits Iran's Qeshm Island

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക