Image

'സാമാന്യ ബുദ്ധി' ജയിക്കണമെന്നു രാമസ്വാമി, പാർട്ടിയുടെ ഏറ്റവും മോശം സ്ഥാനാർഥിയെന്നു ക്രിസ്റ്റി (പിപിഎം)

Published on 03 November, 2026
'സാമാന്യ ബുദ്ധി' ജയിക്കണമെന്നു രാമസ്വാമി, പാർട്ടിയുടെ ഏറ്റവും മോശം സ്ഥാനാർഥിയെന്നു ക്രിസ്റ്റി (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി ഞായറാഴ്ച്ച തന്റെ അവസാന പ്രചാരണ റാലി നടത്തി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിയായ രാമസ്വാമി ജയിച്ചാൽ ബോബി ജിൻഡാലിനും നിക്കി ഹേലിക്കും ശേഷം മൂന്നാമത്തെ ഇന്ത്യൻ അമേരിക്കൻ ഗവർണറാവും.  

കമ്മ്യൂണിസത്തെ തോൽപിക്കാൻ സാമാന്യ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസാന അവസരമാണിതെന്നു രാമസ്വാമി പറഞ്ഞു.

അതേ സമയം, പ്രചാരണത്തിലെ വിവാദങ്ങൾ കണക്കിലെടുത്തു രാമസ്വാമിയെ ഏറ്റവും മോശപ്പെട്ട സ്ഥാനാർഥികളിൽ ഒരാളായി കാണുന്നുവെന്നു ന്യൂ ജേഴ്‌സി മുൻ ഗവർണറായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് ക്രിസ് ക്രിസ്റ്റി വിമർശിച്ചു. എ ബി സി ന്യൂസിന്റെ 'ദിസ് വീക്ക്' പരിപാടിയിൽ സംസാരിച്ച ക്രിസ്റ്റിയോട് ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടനെ കുറിച്ചുള്ള രാമസ്വാമിയുടെ പരസ്യം തിരിച്ചടിച്ചെന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ ഡോണ ബ്രസീൽ പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചു: "ഒഹായോവിലെ ഗവർണർ സ്ഥാനാർഥിയുടെ ഗുണ നിലവാരത്തെ കുറിച്ച് ഞാൻ തർക്കിക്കുന്നില്ല. പാർട്ടി പ്രധാന സ്ഥാനങ്ങളിലേക്കു നിർത്തിയ ഏറ്റവും മോശപ്പെട്ട സ്ഥാനാർഥികളിൽ ഒരാളാണ് അദ്ദേഹം."

മറ്റൊരാൾ ടെക്സസിൽ നിന്നു സെനറ്റിലേക്കു മത്സരിക്കുന്ന കെൻ പാക്സ്റ്റൺ ആണെന്ന് ക്രിസ്റ്റി പറഞ്ഞു.

'ഒരു നിലവാരവും ഇല്ലാത്ത എതിരാളി'

ആക്ടന്റെ 'അമ്മ മകളെ 'നുണച്ചി' എന്നു വിളിക്കുന്ന പരസ്യം പുറത്തു വിട്ട രാമസ്വാമിക്കെതിരെ പാർട്ടിയിൽ കടുത്ത വിമർശനം ഉയർത്തിയവരിൽ ഒഹായോ ഗവർണർ മൈക്ക് ഡിവൈനും ഉൾപ്പെട്ടിരുന്നു. രാമസ്വാമി പരസ്യത്തിനു $4 മില്യൺ ഡോളർ മാറ്റിവച്ചെങ്കിലും ഒടുവിൽ അതു പിൻവലിച്ചു.  

"ഒരു നിലവാരവും ഇല്ലാത്ത എന്റെ എതിരാളി എന്തും പറയാനും ചെയ്യാനും മടിക്കില്ല," ആക്ടൺ റിപ്പോർട്ടർമാരോട് പറഞ്ഞു. അവർക്കു മുന്നേറ്റമുണ്ടായി എന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.  

ഡെമോക്രാറ്റിനു വിജയ സാധ്യത കാണുന്നുവെന്നു കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് പറഞ്ഞപ്പോൾ ഫിഫ്റ്റിപ്ലസ്വൺ ആക്ടനു 49%, രാമസ്വാമിക്ക് 46% എന്നിങ്ങനെ വിലയിരുത്തി. മയാമി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവേയിൽ പറയുന്നത് ആക്ടനു 52-42 ലീഡ് ഉണ്ടെന്നാണ്.

Vivek Ramaswamy makes final Ohio push

Join WhatsApp News
കൃഷ്ണസ്വാമി 2026-11-03 03:02:12
അത് ശരി തന്നെയാണ്. എവിടെ ചെന്നാലും ചില മലയാളി, ചില മലയാളി സ്വഭാവം മാത്രം കാണിക്കും. എല്ലാവരും എന്ന് ഞാൻ പറഞ്ഞിട്ടില്ല കേട്ടോ. ചില എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. "ചിലയിൽ". ഒരുപക്ഷേ രാമസ്വാമിയും പെടും ആയിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക