
വീട്ടിൽ ടെലിവിഷൻ പോലും ഇല്ലാതെയാണ് മകളെ ഭാര്യ വളർത്തുന്നതെന്നു തെന്നിന്ത്യൻ സൂപ്പർ നടി ആയിരുന്ന അസിൻ തോട്ടുങ്കലിന്റെ ഭർത്താവ് രാഹുൽ ശർമ പറയുന്നു. ഒൻപതു വയസായ അറീനു ടി വിയും മൊബൈൽ ഫോണും അസിൻ അനുവദിച്ചിട്ടില്ല.
ശർമയുടെ മൈക്രോമാക്സ് കമ്പനി മൊബൈൽ ഫോണുകൾ വിപണിയിൽ ഇറക്കുന്നുണ്ട്. "ഞങ്ങൾക്കു വീട്ടിൽ പുസ്തകങ്ങൾ മാത്രമേയുള്ളു," ശർമ പറഞ്ഞു. "അവൾ രണ്ടാം ക്ളാസിലാണെങ്കിലും 8, 9 ക്ലാസ്സുകളിലേക്കുള്ള പുസ്തകങ്ങൾ വരെ ഞങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു."
ക്ലാസ് 10 ബോർഡ് പരീക്ഷ എഴുതാൻ പോലും അരീൻ അറിവ് നേടിക്കഴിഞ്ഞെന്നു ശർമ അവകാശപ്പെട്ടു. "അതിന്റെയൊക്കെ ക്രെഡിറ്റ് അസിന് ഉള്ളതാണ്."
കൊച്ചിയിൽ ബിഷപ് ഉണ്ടായിരുന്ന കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അസിൻ (41) സിനിമയിൽ കത്തിജ്വലിച്ചു നിൽക്കുമ്പോഴാണ് ശർമയെ വിവാഹം കഴിച്ചു വിരമിച്ചത്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മിന്നിത്തെളിഞ്ഞ അസിന്റെ ഏക മലയാള ചിത്രം 'നരേന്ദ്രൻ മകൻ ജയകാന്തൻ' ആയിരുന്നു. ഹിന്ദിയിൽ ആമിർ ഖാനൊപ്പമാണ് 'ഗജിനി' ചെയ്തത്. സൂപ്പർ ഹിറ്റ് ആയ ചിത്രത്തിന്റെ വിജയം നിരവധി അവസരങ്ങൾ കൊണ്ടുവന്നുവെങ്കിലും വിവാഹത്തോടെ 2016ൽ അസിൻ വിരമിച്ചു.
2017 ഒക്ടോബറിലാണ് അറീൻ പിറന്നത്.
Actor Asin keeps daughter away from screens