
ന്യൂ യോർക്കിൽ വോട്ടിംഗ് നടക്കുന്ന ഇടങ്ങളിൽ സൈന്യത്തിനോ ഫെഡറൽ ഏജന്റുമാർക്കോ അധികാരം പ്രയോഗിക്കാൻ അനുവാദമില്ലെന്നു ഡെമോക്രാറ്റിക് സ്ഥാനാർഥി കൂടിയായ അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് വോട്ടർമാരെ ഓർമിപ്പിച്ചു.
യുഎസ് സി ഐ എസ്, ഐസ്, സി ബി പി, എഫ് ബി ഐ എന്നിവർക്കൊന്നും ന്യൂ യോർക്കിലെ വോട്ടിംഗ് കേന്ദ്രങ്ങളിൽ അധികാരം നൽകിയിട്ടില്ലെന്നു ജെയിംസ് ചൂണ്ടിക്കാട്ടി. "അവരെ ഭയന്നു വോട്ടവകാശമുള്ള ഒരു ന്യൂ യോർക്ക് നിവാസിയും വീട്ടിൽ നിന്നിറങ്ങാതെ ഇരിക്കേണ്ട കാര്യമില്ല."
"നിയമം നിങ്ങളുടെ ഭാഗത്താണെന്നു ന്യൂ യോർക്ക് വോട്ടർമാർ അറിയണം," ജെയിംസ് പറഞ്ഞു. "സായുധ ഫെഡറൽ ഏജന്റുമാർക്ക് പോളിംഗ് കേന്ദ്രങ്ങളിൽ അധികാരമില്ല. ബാഡ്‌ജോ ആയുധമോ ഭീഷണിയോ ഉപയോഗിച്ചു നിങ്ങളെ വോട്ട് ചെയ്യുന്നതിൽ നിന്നു തടയാനാവില്ല. ന്യൂ യോർക്കിൽ വോട്ടിംഗ് സുരക്ഷിതമാണ്, അർഹതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിയും എന്ന് എന്റെ ഓഫിസ് ഉറപ്പാക്കും."
ഫെഡറൽ നിയമം അനുസരിച്ചു തന്നെ വോട്ടിംഗ് കേന്ദ്രത്തിൽ സൈനികരെയോ സായുധ ഏജന്റുമാരെയോ നിയോഗിക്കുന്നത് കുറ്റകരമാണ്. വോട്ട് ചെയ്യുന്നതിൽ നിന്ന് ആരെയും തടയാൻ പാടില്ല എന്നു ചുരുക്കം.
ന്യൂ യോർക്ക് നിയമം അനുസരിച്ചു വാറന്റ് ഇല്ലാതെ വരുന്ന ഇമിഗ്രെഷൻ ഓഫീസർമാരെ തടയാൻ സംസ്ഥാന അധികൃതർക്ക് അധികാരമുണ്ട്.
വോട്ട് ചെയ്യാൻ പോയാൽ ഇമിഗ്രെഷൻ അധികൃതർ പിടിച്ചു കൊണ്ടുപോകുമെന്നും മറ്റുമുള്ള പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ജെയിംസിന്റെ അറിയിപ്പ്. അത്തരം പ്രചാരണങ്ങൾ അവരെ വോട്ട് ചെയ്യുന്നതിൽ നിന്നു തടയാൻ മാത്രമായുള്ളതാണെന്നു ജെയിംസ് ചൂണ്ടിക്കാട്ടി. ന്യൂ യോർക്കിൽ വോട്ടർ ഐ ഡി കാണിക്കേണ്ട ആവശ്യവുമില്ല. ബാങ്ക് രേഖകൾ ആവാം, അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള ഏതെങ്കിലും രേഖകൾ. പേരും മേൽവിലാസവും ഉണ്ടായിരിക്കണം.
ഡെമോക്രാറ്റുകൾക്കു മുൻതൂക്കമുള്ള ന്യൂ യോർക്കിൽ വീണ്ടും മത്സരിക്കുന്ന ജെയിംസ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള ഇന്ത്യൻ അമേരിക്കൻ സരിത കോമട്ടിറെഡ്‌ഡിയിൽ നിന്നു ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്.
നവംബർ 3 തിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിംഗ് ശനിയാഴ്ച്ച ന്യൂ യോർക്കിൽ ആരംഭിച്ചത് അടുത്ത ഞായറാഴ്ച്ച വരെ തുടരും.
Letitia James tells voters not to fear federal agents