
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ മത്സരിക്കുന്ന ഇന്ത്യൻ-അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി സരിത കോമട്ടിറെഡ്ഢി, റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈവിധ്യത്തോടുള്ള സമീപനം വ്യക്തമാക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസിനെ ചൂണ്ടിക്കാട്ടി. ഒരു പാർട്ടിക്കും വൈവിധ്യത്തിന്റെ കുത്തകയില്ലെന്ന് സരിത ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ 42കാരി സരിത, നിയമപാലനവും കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളും മുൻനിർത്തിയാണ് പ്രചാരണം നടത്തുന്നത്. ഫെഡറൽ പ്രോസിക്യൂട്ടർ എന്ന നിലയിലെ തന്റെ അനുഭവപരിചയവും അവർ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നു.
ഒക്ടോബർ 9 മുതൽ പ്രചാരണത്തിനായി ഒരു മില്യൺ ഡോളറിലധികം സമാഹരിച്ചതായി സരിതയുടെ പ്രചാരണസംഘം അറിയിച്ചു. ഇതിലൂടെ ടെലിവിഷൻ പരസ്യങ്ങളിൽ ലെറ്റീഷ്യ ജെയിംസിനെക്കാൾ കൂടുതൽ ചെലവഴിക്കാൻ സരിതയ്ക്ക് കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സിയന്ന സർവേയിൽ ജെയിംസ് 52 ശതമാനം പിന്തുണയോടെ മുന്നിലെത്തിയപ്പോൾ സരിതയ്ക്ക് 39 ശതമാനം മാത്രമാണ് ലഭിച്ചത്. വോട്ടർമാരിൽ 70 ശതമാനത്തിലധികം പേർക്ക് സരിതയെക്കുറിച്ച് അറിയില്ലെന്നും സർവേ വ്യക്തമാക്കുന്നു. അതേസമയം, സരിതയുടെ പ്രചാരണസംഘം നടത്തിയ ആഭ്യന്തര സർവേയിൽ ജെയിംസിന് 50.7 ശതമാനവും സരിതയ്ക്ക് 44.7 ശതമാനവും പിന്തുണ ലഭിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ എണ്ണം മൂന്നിരട്ടിയിലധികമായി വർധിപ്പിക്കാനാണ് സരിതയുടെ വാഗ്ദാനം. നിലവിൽ 700 അഭിഭാഷകരിൽ നൂറിൽ താഴെ പേരാണ് ക്രിമിനൽ കേസുകളിൽ പ്രവർത്തിക്കുന്നത്. എന്നാൽ അറ്റോർണി ജനറൽ ഓഫീസിന്റെ അധികാരങ്ങൾ അടിസ്ഥാനപരമായി സിവിൽ സ്വഭാവമുള്ളതാണെന്ന് പദ്ധതിയെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
മുൻ ന്യൂയോർക്ക് പൊലീസ് കമ്മീഷണർ റെയ്മണ്ട് കെല്ലിയും മുൻ ഫെഡറൽ പ്രോസിക്യൂട്ടർ റിച്ചാർഡ് ഡോണോഗ്യൂവും സരിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ സരിത, ഫെഡറൽ പ്രോസിക്യൂട്ടറായും ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഫെഡറൽ ജഡ്ജിയായി നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും ആ സ്ഥാനത്ത് എത്തിയില്ല.
നവംബർ 3നാണ് തെരഞ്ഞെടുപ്പ്. ട്രംപിനെ പിന്തുണയ്ക്കുന്ന നിലപാടുകൾ സരിതയുടെ പ്രചാരണത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. 2020ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതായി സരിത സംവാദത്തിൽ വ്യക്തമാക്കിയിരുന്നു.