
വാഷിങ്ടൺ: ചാരപ്രവർത്തനം, അനധികൃത കുടിയേറ്റം, 'ബെർത്ത് ടൂറിസം' എന്നിവയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി വടക്കൻ മരിയാന ദ്വീപുകളിലേക്ക് ചൈനീസ് പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന പദ്ധതി ട്രംപ് ഭരണകൂടം റദ്ദാക്കി. അമേരിക്കൻ സൈനിക താവളങ്ങൾക്ക് സമീപം സുരക്ഷാ ഭീഷണി ഉയരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോമൺവെൽത്ത് ഓഫ് നോർത്തേൺ മരിയാന ഐലൻഡ്സ് (സിഎൻഎംഐ) ഇക്കണോമിക് വൈറ്റാലിറ്റി ആൻഡ് സെക്യൂരിറ്റി ട്രാവൽ ഓതറൈസേഷൻ പ്രോഗ്രാം (ഇവിഎസ്-ടിഎപി) ഒക്ടോബർ 30-ന് യുഎസ് കിഴക്കൻ സമയം ഉച്ചയ്ക്ക് രണ്ടുമുതൽ നിർത്തലാക്കും. ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ ഒപ്പിട്ട ഉത്തരവ് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു.
പുതിയ അപേക്ഷകർക്കും നേരത്തേ യാത്രാനുമതി ലഭിച്ചവർക്കും വിലക്ക് ബാധകമാണ്. നിലവിൽ പദ്ധതിയുടെ ഭാഗമായി ദ്വീപുകളിലുള്ള ചൈനീസ് പൗരന്മാർക്ക് അനുവദിച്ച കാലയളവിൽ തുടരാം. എന്നാൽ, ഭാവിയിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധാരണ വിസ നേടേണ്ടിവരും.
2025 സാമ്പത്തിക വർഷത്തിൽ 3,000-ത്തിലധികം ചൈനീസ് പൗരന്മാർ ഈ പദ്ധതിയിലൂടെ നോർത്തേൺ മരിയാന ദ്വീപുകളിൽ പ്രവേശിച്ചതായി ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ കോൺസുലർ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് പകരം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനാണ് ഇവരെ പരിശോധിച്ചിരുന്നത്.
ചൈനീസ് പൗരന്മാർ പദ്ധതി ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്നും വിസയില്ലാത്ത പ്രവേശനങ്ങളുടെ എണ്ണം സുരക്ഷാ-നിയമപാലന മേഖലകളിൽ അംഗീകരിക്കാനാകാത്ത അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ദ്വീപുകളിലെ തന്ത്രപ്രധാനമായ അമേരിക്കൻ പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ചൈനീസ് ചാരപ്രവർത്തനത്തിനും രഹസ്യാന്വേഷണ വിവരശേഖരണത്തിനും പദ്ധതി ഉപയോഗിക്കപ്പെടാമെന്നാണ് യുഎസ് വിലയിരുത്തൽ. ടിനിയൻ എയർ ബേസ് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രതിരോധ വകുപ്പ് നടത്തിവരികയാണ്. സമീപത്തെ ഗുവാമിൽ രാജ്യത്തിന്റെ പ്രതിരോധത്തിന് നിർണായകമായ നിരവധി സൈനിക കേന്ദ്രങ്ങളുമുണ്ട്.
നോർത്തേൺ മരിയാന ദ്വീപുകൾക്കപ്പുറം യാത്ര ചെയ്യാൻ പദ്ധതിയിൽ വിലക്കുണ്ടെങ്കിലും കടത്തുവള്ളങ്ങൾ വഴി ഗുവാമിലേക്ക് അനധികൃതമായി കടക്കാൻ ചൈനീസ് പൗരന്മാർക്ക് കഴിയുന്നുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ചിലും 2025 ഫെബ്രുവരിയിലും ചൈനീസ് പൗരന്മാരെ ഗുവാമിലേക്ക് കടത്തിയ കേസുകളിൽ ഫെഡറൽ കോടതി ശിക്ഷ വിധിച്ചിരുന്നു. ഒമ്പതും ഏഴും ചൈനീസ് പൗരന്മാരെ വീതം കടത്തിയ കേസുകളായിരുന്നു ഇവ. കടത്തപ്പെട്ടവരിൽ പലരെയും പിന്നീട് സൈനിക കേന്ദ്രങ്ങൾക്ക് സമീപം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിനായി ഗർഭിണികൾ നടത്തുന്ന യാത്രകളായ 'ജനന ടൂറിസം' തടയേണ്ടതിന്റെ ആവശ്യകതയും ഭരണകൂടം ചൂണ്ടിക്കാട്ടി. വിസയില്ലാത്ത യാത്രയും കുറഞ്ഞ പരിശോധനയും ഇത്തരം പ്രവൃത്തികൾക്ക് സഹായകമാകാമെന്നും ദീർഘകാല ചാരപ്രവർത്തനങ്ങൾക്കുപോലും ഇത് ഉപയോഗിക്കപ്പെടാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട ജനനങ്ങളുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് ഉടമസ്ഥതയിലുള്ള സായ്പാനിലെ കാസിനോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, തൊഴിൽ ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളും ആഭ്യന്തര സുരക്ഷാ വകുപ്പ് പരാമർശിച്ചു.
ബൈഡൻ ഭരണകൂടം 2024-ൽ കൊണ്ടുവന്ന നിയമത്തിലൂടെയാണ് പദ്ധതി രൂപീകരിച്ചത്. 2025 ഫെബ്രുവരി 20-ന് പ്രാബല്യത്തിൽ വന്ന പദ്ധതിപ്രകാരം ചൈനീസ് സന്ദർശകർക്ക് 14 ദിവസം വരെ ദ്വീപുകളിൽ തങ്ങാമായിരുന്നു. യാത്രാനുമതിക്ക് ഒരു വർഷത്തെ കാലാവധിയുമുണ്ടായിരുന്നു. രാഷ്ട്രീയ-സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 2009 മുതൽ ഗുവാം-നോർത്തേൺ മരിയാന വിസ ഇളവ് പദ്ധതിയിൽനിന്ന് ചൈനയെ ഒഴിവാക്കിയിരുന്നു.
ചൈനീസ് വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന ദ്വീപുകളിലെ വ്യാപാരികൾക്കും യാത്രികർക്കും തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കാമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അംഗീകരിച്ചു. എന്നാൽ, സുരക്ഷാ ഭീഷണികൾ അതിനേക്കാൾ ഗൗരവമുള്ളതാണെന്നാണ് നിലപാട്. യഥാർഥ സന്ദർശകർക്ക് സാധാരണ യുഎസ് വിസയ്ക്ക് അപേക്ഷിക്കാം.
റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ തീരുമാനത്തെ സ്വാഗതം ചെയ്തു. 'അമേരിക്കൻ പൗരത്വം മോഷ്ടിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) നഴ്സറിയല്ല അമേരിക്ക,' എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മൈക്ക് ലീ, റിക്ക് സ്കോട്ട്, ജോൺ കോർണിൻ, ബിൽ കാസിഡി എന്നീ സെനറ്റർമാർ ഏപ്രിലിൽ പദ്ധതി അവസാനിപ്പിക്കണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
വിസ പരിശോധനകൾ ശക്തമാക്കുന്നതിനും 'ജനന ടൂറിസം' നിയന്ത്രിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം.