Image

രാമസ്വാമിയുടെ വിവാദ പരസ്യത്തെ തള്ളി ഒഹായോ മാധ്യമങ്ങൾ ആമി ആക്ടനു പിന്തുണ പ്രഖ്യാപിച്ചു (പിപിഎം)

Published on 27 October, 2026
രാമസ്വാമിയുടെ വിവാദ പരസ്യത്തെ തള്ളി ഒഹായോ മാധ്യമങ്ങൾ ആമി ആക്ടനു പിന്തുണ പ്രഖ്യാപിച്ചു (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപിന്റെ സജീവ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി എതിരാളി ഡെമോക്രാറ്റ് ആമി ആക്ടനു എതിരെ ഇറക്കിയ പുതിയ പരസ്യത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ വാർത്താ മാധ്യമങ്ങൾ എതിർത്തു. മത്സരങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്ന നയം തിരുത്തിയാണ്  The Plain Dealer, cleveland.com എന്നിവ രാമസ്വാമിയുടെ പരസ്യത്തെ കടന്നാക്രമിച്ചത്.

കുട്ടിയായിരിക്കെ ആമി ആക്ടൻ അനുഭവിച്ച ലൈംഗിക ആക്രമണം ആയുധമാക്കുന്ന പരസ്യം അസ്വീകാര്യമാണെന്നു ചൂണ്ടിക്കാട്ടിയ അവർ മുഖപ്രസംഗത്തിൽ പറഞ്ഞു: "ഞങ്ങൾക്കു മിണ്ടാതിരിക്കാൻ ആവില്ല. ഗവർണർ സ്ഥാനത്തേക്ക് ആമി അകറ്റാനേ പിന്തുണയ്ക്കുന്നു."

"കുട്ടിയായിരിക്കെ അനുഭവിച്ച ലൈംഗിക പീഡനം ഒരു സ്ഥാനാർഥിക്കെതിരെ ആയുധമാക്കുന്നത് ഒഹായോക്കാർ വരച്ചിടുന്ന അതിർത്തി രേഖ കടന്നുള്ള നടപടിയാണ്. പാർട്ടി ഏതായാലും വിഷയമല്ല.

"ഞങ്ങൾ ആമി ആക്ടനെ ഗവർണർ സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. മാസങ്ങൾക്കു മുൻപ് മാത്രം ഞങ്ങൾ പ്രഖ്യാപിച്ച നയം തിരുത്തുകയാണ്."

വായനക്കാർ തങ്ങളുടെ മാർഗ നിർദേശം ആവശ്യപ്പെട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടി. "എന്നാൽ ഒഹായോ അതിപ്രധാനമായ തീരുമാനം എടുക്കേണ്ടി വരുന്ന ഘട്ടത്തിൽ 
മൗനം പാലിക്കാൻ ആവില്ലെന്നു ഞങ്ങൾ കണ്ടെത്തി.

"രാമസ്വാമി ഈ പരസ്യം ഇറക്കാൻ തീരുമാനിച്ചത് തെറ്റായ വിലയിരുത്തൽ വെളിവാക്കുന്നു. ഒഹായോ ഗവർണർ അങ്ങിനെ ഒരാളാവുന്നത് ശരിയാവില്ല."

ഒഹായോവിൽ നിന്നു ടെക്സസിലേക്കു ബിസിനസ് മാറ്റിയ രാമസ്വാമി തങ്ങൾ ഉന്നയിച്ച വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ വിസമ്മതിച്ചു എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. "ഡോണൾഡ്‌ ട്രംപ് പിന്തുണച്ചു എന്നതു കൊണ്ട് ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാൻ ആവില്ല."

കോവിഡ് കാലത്തു ഒഹായോ ഹെൽത്ത് ഡയറക്റ്റർ ആയിരുന്ന ആക്ടനെ കുറിച്ച് മതിപ്പു രേഖപ്പെടുത്തിയ മാധ്യമങ്ങൾ പറഞ്ഞു: "അവർ ചുമതലയേൽക്കാൻ തയാറെടുത്തിട്ടുണ്ട്. വായനക്കാർ നവംബർ 3നു മാന്യതയുടെ ഭാഗത്തു നിൽക്കണമെന്നു അവർ നിർദേശിച്ചു.

ആക്ടനു 12 വയസുളളപ്പോൾ അവരുമായി പിരിഞ്ഞ 'അമ്മ മകളെ 'നുണച്ചി' എന്നു വിളിക്കുന്ന പരസ്യം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ ശക്തമായ എതിർപ്പ് വിളിച്ചു വരുത്തി. അമ്മയുടെ രണ്ടാം ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് ആക്ടൻ പറഞ്ഞത് നുണയാണെന്നു 'അമ്മ വാദിക്കുന്നു. പക്ഷെ കോടതി അയാളെ കുറ്റക്കാരനായി കണ്ടിരുന്നു.

രാമസ്വാമി ഈ പരസ്യം തുടരാൻ $4 മില്യൺ കൂടി മുടക്കിയിട്ടുണ്ട്. ഏർലി വോട്ടിംഗിൽ ഏതാണ്ട് 676, 000 പേർ ഒഹായോവിൽ വോട്ട് ചെയ്തു കഴിഞ്ഞു.

Ohio's daily backs action over attack ad

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക