
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു തീപ്പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. സംഭവത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൃഷ്ണഗിരിയിലെ ഉത്തങ്കരൈയില്‍ തിങ്കളാഴ്ച രാവിലെ 7. 45 -നാണ് അപകടം ഉണ്ടായത്.
കൃഷ്ണഗിരിയില്‍ നിന്ന് തിരുവണ്ണാമലയിലേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളിലൊന്നിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തീ പടര്‍ന്നുപിടിച്ച് രണ്ട് ബൈക്കുകളും യാത്രികരും കത്തുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ രണ്ടുപേര്‍ മരിച്ചതായി പോലിസ് വ്യക്തമാക്കി. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലിസ് ഉടന്‍തന്നെ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഒരു ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു ബൈക്ക് പൂര്‍ണമായി കത്തിനശിച്ചതിനാല്‍ അതിന്റെ നമ്പര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തീപിടുത്തത്തില്‍ മരിച്ചവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല.