Image

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

Published on 26 October, 2026
 അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

 

സുല്‍ത്താന്‍പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ നിലനിന്നിരുന്ന മാനനഷ്ടക്കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവത്തിലുള്ളതല്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശുഭം വര്‍മ വ്യക്തമാക്കി.

വിധി പ്രസ്താവിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് സുല്‍ത്താന്‍പൂരിലെ പ്രത്യേക എംപി-എംഎല്‍എ കോടതിയില്‍ ഹാജരായിരുന്നു. 2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ വെച്ച് അമിത് ഷാ കൊലപാതകക്കേസിലെ പ്രതിയാണെന്ന് രാഹുല്‍ ഗാന്ധി സംസാരിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് ഫയല്‍ ചെയ്തത്.

'സത്യസന്ധതയെക്കുറിച്ചും മര്യാദയെക്കുറിച്ചും സംസാരിക്കുന്ന പാര്‍ട്ടി (ബിജെപി) ഭരിക്കുന്നത് കൊലപാതകക്കുറ്റാരോപിതനായ വ്യക്തിയാണെന്ന് ആളുകള്‍ മറന്നുപോകുന്നു' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രശസ്തമായ സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ 2014-ല്‍ തന്നെ പ്രത്യേക സിബിഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ബിജെപി നേതാവ് കേസ് നല്‍കിയിരുന്നത്.

നേരത്തെ, 2019-ല്‍ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരുണ്ട്' എന്ന പരാമര്‍ശത്തില്‍ ഗുജറാത്ത് കോടതി രാഹുലിന് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി ഈ ശിക്ഷാവിധി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ജനപ്രതിനിധിയായി തുടരാന്‍ സാധിച്ചത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക