
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് ജാമ്യം അനുവദിച്ചത്.
നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെ പതിനേഴുകാരനെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. നേരത്തെ കുട്ടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ ചേരനല്ലൂര്‍ സ്റ്റേഷന് മുന്നില്‍, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസ് മാധ്യമങ്ങളെ കണ്ട് കസ്റ്റഡി വിവരം അറിയിച്ചതും പിന്നാലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതും.
'കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്ട്രേറ്റിന് തീരുമാനിക്കാം. മൈനര്‍ ആയ കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താല്‍ ഒരു പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുവരാന്‍ കഴിയില്ല. ഇടിച്ച വാഹനത്തിന്റെ ആര്‍സി ഓണര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും', എന്നും പൊലീസ് വിശദീകരിച്ചിരുന്നു.
17കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് നേരത്തെ കുടുംബം ഉന്നയിച്ചത്.