Image

റിട്ടയര്‍മെന്റ് ആനുകൂല്യമാണോ പി കെ ഇന്ദിര റിസോര്‍ട്ടില്‍ നിക്ഷേപിച്ചത്?; ആരോപണം ശക്തമാക്കി ഇ പി ശ്യാംജിത്ത്

Published on 26 October, 2026
 റിട്ടയര്‍മെന്റ് ആനുകൂല്യമാണോ പി കെ ഇന്ദിര റിസോര്‍ട്ടില്‍ നിക്ഷേപിച്ചത്?; ആരോപണം ശക്തമാക്കി ഇ പി ശ്യാംജിത്ത്

 

കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയ്ക്കുമെതിരെ ആരോപണം ശക്തമാക്കി ജയരാജന്റെ സഹോദരീ പുത്രന്‍ ഇ പി ശ്യാംജിത്ത്. പി കെ ഇന്ദിര കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോയെന്ന് ഇ പി ശ്യാംജിത്ത് ഉന്നയിച്ചു. അങ്ങനെയെങ്കില്‍ കേരള ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എത്രയായിരുന്നുവെന്ന് ശ്യാംജിത്ത് ഇ പി ചോദിക്കുന്നു. ഇനിയും തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ടെന്നും ശ്യാംജിത്ത് ഇ പി മുന്നറിയിപ്പ് നല്‍കി.

'ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ...പി കെ ഇന്ദിര കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ? കേരള ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ?
ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകള്‍ ഇനിയും പുറത്തുവരാനുണ്ട്', ശ്യംജിത്ത് ഇ പി കുറിച്ചു.

'സിപിഐഎമ്മിനെതിരെ നീങ്ങിയ തോമസിനെ കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ പി കെ ഇന്ദിര നിയമിച്ചതാണെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളിലെ പല കാര്യങ്ങളും പുറത്തറിയുന്നതിന് പിന്നില്‍ പി കെ ഇന്ദിരയുടെ ബന്ധുവിന് പങ്കുണ്ടോ എന്നതും വഴിയേ വ്യക്തമാകുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്. രേഖകളും വിവരങ്ങളും പുറത്തുവരട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരനാക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി വേണം. രേഖകള്‍ സംസാരിക്കട്ടെ.കാത്തിരിക്കൂ... ബാക്കി വഴിയേ അറിയാം', മറ്റൊരു കുറിപ്പില്‍ ശ്യംജിത്ത് ഇ പി പറയുന്നു.

വൈദേകം ആയൂര്‍വേദ റിസോര്‍ട്ട് സ്ഥാപിക്കാന്‍ ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയെന്ന് ശ്യാംജിത്ത് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇ പി ജയരാജന്റെ കൈപ്പടയിലെഴുതിയെ കണക്കെന്ന വിശദീകരണവുമായി ഒരു കുറിപ്പടിയുടെ ചിത്രവും ശ്യാംജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക