
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം യോഗം ചേരുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായം തേടിയെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കൗള്‍ ആരോപിച്ചു. ഈ മാസം അവസാനം പുറത്തിറങ്ങുന്ന 'വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍' എന്ന ഓര്‍മക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ തുറന്നുപറച്ചില്‍.
കൊളീജിയം യോഗവുമായി ബന്ധപ്പെട്ടുണ്ടായ ചില കാര്യങ്ങളും ജസ്റ്റിസ് കൗള്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം അഞ്ച് പേരുകള്‍ മുന്‍കൂട്ടി തരുമാനിച്ചിരുന്നു. എന്നാല്‍ യോഗദിവസം അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആറാമതൊരു പേര് കൂടി നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് താന്‍ സംശയിച്ചു. യോഗത്തിനിടെ സര്‍ക്കാരുമായി ഫോണില്‍ സംസാരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കം തടഞ്ഞു. തുടര്‍ന്ന് ആദ്യ അഞ്ച് പേരുകള്‍ അംഗീകരിച്ചു. ആറാമത്തെ പേര് ഒഴിവാക്കിയെന്നും ജസ്റ്റിസ് കൗള്‍ പറയുന്നു.
ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു ജഡ്ജിയുടെ പേര് പരിഗണിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സര്‍ക്കാര്‍ വിചിത്രമായ ചോദ്യം ഉന്നയിച്ചു. താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്ന് കൗള്‍ പറഞ്ഞു. 'ഇങ്ങനെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിച്ച് നിയമിക്കാം, ഇതില്‍ പങ്കാളിയാകാന്‍ എനിക്ക് കഴിയില്ല' എന്ന് പറഞ്ഞ് ഇറങ്ങിപ്പോയതായും ജസ്റ്റിസ് കൗള്‍ വ്യക്തമാക്കുന്നു. പിന്നീട് സര്‍ക്കാര്‍ വഴങ്ങിയ ശേഷമാണ് ആ നിയമനം നടന്നതെന്നും ജസ്റ്റിസ് കൗള്‍ വ്യക്തമാക്കുന്നു.