
വയനാട്: വിമാനത്താവളം എന്ന ചിരകാല സ്വപ്നത്തിന് നിർണായക നീക്കവുമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. വയനാട് ജില്ലയിൽ വിമാനത്താവള നിർമാണത്തിന് പല സ്ഥലങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ അനുയോജ്യമായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന് കൽപ്പറ്റ എസ്റ്റേറ്റ് ആയിരുന്നു. ഇവിടെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതി ആയ ടൗൺഷിപ്പ് വന്നതോടെ ആ ശ്രമം മുടങ്ങി.
മറ്റു സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 2013ൽ കണ്ടെത്തിയ പനമരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചീക്കല്ലൂർ ആയിരുന്നു. ഇവിടെ പാടശേഖരസമിതിയുടെ എതിർപ്പിനെ തുടർന്ന് സർക്കാർ ശ്രമം ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ പ്രദേശവാസികളായ ജനങ്ങൾ തന്നെ വിമാനത്താവളം എന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചതോടെയാണ് സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വയനാട് വിമാനത്താവളം എന്ന ആശയവുമായി മുന്നോട്ടുപോകുന്ന വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഇതിനോടകം നിരവധി സാധ്യത പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വീണ്ടും പുതിയ നീക്കം ആരംഭിച്ചിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി കൽപ്പറ്റയിലെ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ സംഘടന പ്രതിനിധികളും ആണ് യോഗത്തിൽ പങ്കെടുത്തത്. ഉടൻ പദ്ധതി രേഖ തയ്യാറാക്കാനാണ് തീരുമാനം. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി പി യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു.