
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും സ്ഥിരമായ അംഗവൈകല്യങ്ങൾ സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകിവരുന്ന നഷ്ടപരിഹാരത്തിലും, ചികിത്സാ ധനസഹായത്തിലും വൻ വർധന വരുത്തി സംസ്ഥാന സർക്കാർ. 25 ശതമാനം വർധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി. വന്യജീവി ആക്രമണത്തിൽ സംഭവിക്കുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയുള്ള ഉത്തരവ് കഴിഞ്ഞദിവസം വനം വകുപ്പ് പുറത്തിറക്കിയിരുന്നു.
പുതുക്കിയ ഉത്തരവ് പ്രകാരമുള്ള പ്രധാന ധനസഹായ വിവരങ്ങൾ ഇങ്ങനെ
വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന മരണത്തിന് നിലവിൽ 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ഇത് 17.5 ലക്ഷം രൂപയായി വർധിപ്പിച്ചു.
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയാണ് നിലവിൽ നൽകുന്നത്. ഇത് 5 ലക്ഷം രൂപയായി ഉയർത്തി.
40% മുതൽ 60% വരെ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകി വരുന്നത്. ഇത് 2.5 ലക്ഷം രൂപയായി ഉയർത്തി.
60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 2,50,000 രൂപയാണ് ലഭിക്കുക. ഇത് 3,12,500 രൂപയായി വർധിപ്പിച്ചു.
ചികിത്സാ സഹായങ്ങൾ സംബന്ധിച്ച വിവരങ്ങൾ
ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 125000 രൂപ വരെ ലഭിക്കാവുന്നതാണ്.
ഒരാഴ്ചയ്ക്ക് മുകളിൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാം.
അതീവഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാലം ചികിത്സ ആവശ്യമായി വരുന്ന വർക്കും ചികിത്സയ്ക്കായി വൻതുക ചെലവാകുന്ന സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ചികിത്സയ്ക്ക് ചെലവായ യഥാർത്ഥ തുക സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
കൃഷിനാശം നേരിടുന്ന കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം വന്നിരുന്നു. 2015-നുശേഷം ആദ്യമായാണ് നഷ്ടപരിഹാര നിരക്കുകളിൽ പരിഷ്കാരം കൊണ്ടുവരുന്നത്. 'സ്വപ്നം പോലെ വളർത്തിക്കൊണ്ടുവരുന്ന കാർഷിക വിളകളെ ഒറ്റരാത്രി കൊണ്ട് നിലംപരിശാക്കുന്ന വന്യജീവി വിളയാട്ടത്തിൽ തകർന്നുപോകുന്ന കർഷക മനസ്സുകളെ തിരിച്ചറിയുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നവരാണ് ഈ സർക്കാർ' എന്ന് മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു.