Image

ബെൻസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; ജഡ്ജിയുടെ 17 കാരനായ മകന് സ്റ്റേഷന്‍ ജാമ്യം

Published on 25 October, 2026
ബെൻസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; ജഡ്ജിയുടെ  17 കാരനായ മകന് സ്റ്റേഷന്‍ ജാമ്യം

കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ ബെൻസ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 17 കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തൃശ്ശൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ മകൻ ഓടിച്ച കാർ പിന്നിൽ ഇടിച്ചു കയറിയാണ് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്.

ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് 17 കാരനെ വിട്ടയച്ചത്. അശ്രദ്ധമൂലമുള്ള മരണം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 106(1), 281 തുടങ്ങി സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് 17 കാരന് മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ, ജഡ്ജിക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.

കൊച്ചി സിറ്റി പൊലീസ് അതിർത്തിയിലെ ചേരാനല്ലൂരിൽ വെച്ച്, ഇന്ന് പുലർച്ചെയായിരുന്നു അപകടം. തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണൻ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

അതേസമയം, ഡ്രൈവിംഗ് ലൈസൻസില്ലാത്ത മകനെ രക്ഷിക്കാൻ ജുഡീഷ്യൽ ഓഫീസർ കേസിൽ ഇടപെട്ടതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ ജഡ്ജി, സംഭവത്തിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക