
നിർദ്ദിഷ്ട സിയാങ് അപ്പർ മൾട്ടി പർപ്പസ് ജലവൈദ്യുത പദ്ധതിക്കെതിരെ (SIUMP) അരുണാചൽ പ്രദേശിൽ പ്രതിഷേധം വൻ അക്രമത്തിലേക്ക് വഴിമാറിയതോടെ പ്രദേശത്ത് സ്ഥിതിഗതികൾ അതിഗുരുതരമായി തുടരുന്നു. ക്രമസമാധാനം പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ, മഹാരാഷ്ട്രയിലെ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ പാസിഘട്ടിലേക്ക് 250 ഓളം വരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ (RAF) കേന്ദ്ര സർക്കാർ അടിയന്തരമായി എയർലിഫ്റ്റ് ചെയ്തു.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ആർ.എ.എഫിന്റെ രണ്ട് കമ്പനികളെ പ്രദേശത്ത് എത്തിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
11,200 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കെതിരെ കിഴക്കൻ സിയാങ്, സിയാങ്, അപ്പർ സിയാങ് ജില്ലകളിൽ കഴിഞ്ഞദിവസം 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസിഘട്ടിലും സമീപ പ്രദേശങ്ങളിലും അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (NHPC) ഓഫീസ് പ്രതിഷേധക്കാർ പൂർണ്ണമായി കത്തിച്ചു. ഒരു പോലീസ് സ്റ്റേഷനും നിരവധി പോലീസ് വാഹനങ്ങളും പൊതുസ്വത്തുക്കളും തകർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കലിംഗ് മൊയോങ്, എം.എൽ.എമാരായ നിനോങ് എറിംഗ്, ഒനി പന്യാങ് എന്നിവരുടെ വസതികൾക്ക് നേരെയും ആക്രമണമുണ്ടായി. പ്രദേശത്തെ പ്രമുഖ ആദിവാസി സംഘടനയായ 'ആദി ബാനെ കെബാങ്ങി'ന്റെ ഓഫീസും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.
സംഘർഷം വ്യാപിച്ചതോടെ കിഴക്കൻ സിയാങ് ജില്ലാ ഭരണകൂടം പാസിഘട്ട്, മെബോ, റുക്സിൻ എന്നീ മേഖലകളിൽ പ്രഖ്യാപിച്ച 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ കർശനമാക്കി. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചു. റാലികൾ, മാർച്ചുകൾ, പൊതുയോഗങ്ങൾ എന്നിവ പൂർണ്ണമായി തടഞ്ഞു. ആയുധങ്ങളോ, ആയുധമായി ഉപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളോ കൈവശം വെക്കുന്നത് നിരോധിച്ചു.
ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് ബ്രഹ്മപുത്രയിൽ ലയിക്കുന്ന സിയാങ് നദിയിലെ ഈ ഭീമൻ ജലവൈദ്യുത പദ്ധതി തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് തദ്ദേശീയ സമുദായങ്ങളുടെ ആശങ്ക. പദ്ധതി നടപ്പിലായാൽ വൻതോതിൽ ജനവാസ മേഖലകൾ വെള്ളത്തിനടിയിലാകുമെന്നും, പാരമ്പര്യമായി കൈമാറിവന്ന ഭൗമ-പാരിസ്ഥിതിക വ്യവസ്ഥ തകരുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.