
സിയാറ്റില്‍ : സീയാറ്റിലില്‍ നടന്ന 'ബൈറ്റ് ഓഫ് സീറ്റില്‍' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസില്‍ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക ആശ്വാസം അനുവദിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരനെ കര്‍ശന വ്യവസ്ഥകളോടെ ഇലക്ട്രോണിക് ഹോം മോണിറ്ററിംഗിലൂടെ വീട്ടുതടങ്കലില്‍ കഴിയാന്‍ കിംഗ് കൗണ്ടി സുപ്പീരിയര്‍ഒക്ടോ 21 ബുധനാഴ്ച കോടതി ഉത്തരവിട്ടു.
24 മണിക്കൂറും മുതിര്‍ന്നവരുടെ മേല്‍നോട്ടമുണ്ടായിരിക്കണം, മാനസികാരോഗ്യ ചികിത്സ തുടരണം എന്നീ വ്യവസ്ഥകളോടെയാണ് പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിയാന്‍ ജഡ്ജ് വെറോണിക്ക ഗാല്‍വന്‍ അനുമതി നല്‍കിയത്.
ജൂലൈ 26-ന് നടന്ന അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നുള്ള വെടിയുണ്ടകളല്ല കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയതെന്ന വാദം കണക്കിലെടുത്താണ് വിധി. അതേസമയം, കേസില്‍ പ്രതിയെ പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.