Image

അഴിമതി ആരോപിക്കപ്പെട്ട ഗ്രീസിലെ യുഎസ് അംബാസഡർ കിംബെർലി ഗിൽഫോയ്ൽ രാജിവച്ചു (പിപിഎം)

Published on 14 October, 2026
അഴിമതി ആരോപിക്കപ്പെട്ട ഗ്രീസിലെ യുഎസ് അംബാസഡർ കിംബെർലി ഗിൽഫോയ്ൽ രാജിവച്ചു (പിപിഎം)

ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തു മറ്റുള്ളവരെ  കൊണ്ടു സ്വന്തം ബില്ലുകൾ അടപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിട്ട ഗ്രീസിലെ യുഎസ് അംബാസഡർ കിംബെർലി ഗിൽഫോയ്ൽ (57) രാജിവച്ചു. പ്രസിഡന്റ് ട്രംപിന്റെ പുത്രൻ ട്രംപ് ജൂനിയറിന്റെ പഴയ കാമുകിയോട് രാജി വയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച ഗിൽഫോയ്ൽ പക്ഷെ ട്രംപിനോടും മാഗാ പ്രസ്ഥാനത്തോടുമുള്ള തന്റെ കൂറ് ശാശ്വതമായിരിക്കുമെന്നു പ്രഖ്യാപിച്ചു.  

കാലിഫോർണിയയുടെ ഡെമോക്രാറ്റിക് ഗവർണർ ഗവിൻ ന്യൂസമിന്റെ മുൻ ഭാര്യ കൂടിയായ ഗിൽഫോയ്ൽ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന എറിക് ഡിറ്റെഴ്സിനെ കൊണ്ടു $100,000 അമേരിക്കൻ എക്സ്പ്രസ് കാർഡ് ബില് അടപ്പിക്കാൻ ശ്രമിച്ചെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' വെളിപ്പെടുത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്.

ഗിൽഫോയ്ൽ രാജി പ്രഖ്യാപിക്കും മുൻപ് അവരോടു ട്രംപ് രാജി ആവശ്യപ്പെട്ടെന്നു വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറി കെയ്റ്റി സഖറിയ അറിയിച്ചിരുന്നു. മകനുമായി കുറേക്കാലം ബന്ധമുണ്ടായിരുന്ന ഗിൽഫോയ്ൽ പക്ഷെ തന്റെ കുടുംബത്തിൽ അംഗമായിരുന്നില്ല എന്നു ട്രംപ് ചൊവാഴ്ച്ച റിപ്പോർട്ടർമാരോടു പറഞ്ഞു. "അവർ നന്നായി ജോലി ചെയ്തിരുന്നു. പക്ഷെ പത്രത്തിൽ വന്ന കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ടമായില്ല."  

2020ൽ ട്രംപ് ജൂനിയറും ഗിൽഫോയ്‌ലും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അവർ 2024ൽ പിരിഞ്ഞു. ട്രംപ് ജൂനിയർ പിന്നീട് ബെറ്റിന ആൻഡേഴ്സൺ എന്ന സ്ത്രീയെ വിവാഹം കഴിച്ചു.

മെരിലാൻഡിൽ നിന്നുള്ള ലോബിയിസ്റ്റ് ക്രിസ്റ്റോസ് മറഫത്ത്സോസുമായുള്ള അവരുടെ അടുപ്പം ഏറെ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ഗ്രീക്ക് കൺസ്ട്രക്ഷൻ കമ്പനിയായ അക്ടോർ ഗ്രൂപ്പിനു വേണ്ടി ലോബിയിങ് നടത്തിയിരുന്ന അദ്ദേഹം അംബാസഡറുടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തത് 'ജേർണൽ' റിപ്പോർട്ട് ചെയ്തിരുന്നു.

ഷിപ്പിങ് രംഗത്തെ പ്രമുഖനായ നിക്കോളാസ് സാക്കോസുമായുള്ള അടുപ്പവും വാർത്തയായി. ഗിൽഫോയ്‌ലിന്റെ ആർഭാട ജീവിതത്തിനു അദ്ദേഹം സഹായം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഗിൽഫോയ്ൽ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. "ഞാൻ എന്റെ സൽപ്പേരും സ്വഭാവഭദ്രതയും ഉയർത്തിപ്പിടിക്കാൻ ഉറച്ചു തന്നെയാണ്," അവർ പറഞ്ഞു. "നീതിക്കു വേണ്ടി പൊരുതാനും ശരിയെന്നു വിശ്വസിക്കുന്നത് ഉയർത്തിപ്പിടിക്കാനും ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അമേരിക്കയെ വേറിട്ടു നിർത്തുന്ന മൂല്യങ്ങൾക്കു വേണ്ടി പോരാടിയിട്ടുമുണ്ട്. വ്യാജ ആരോപണങ്ങൾ കൊണ്ട് എന്നെ കളങ്കപ്പെടുത്താൻ കഴിയില്ല."

ഗിൽഫോയ്ൽ പണം ആവശ്യപ്പെടുന്ന ടെക്സ്റ്റ് മെസേജുകൾ  എറിക് ഡിറ്റെഴ്സ് 'ജേർണലി'നു നൽകി. അദ്ദേഹം പണം നൽകാൻ വിസമ്മതിച്ചിരുന്നു. "എന്റെ കൈയ്യിൽ അത്രയും പണം ഉണ്ടായിരുന്നുമില്ല," അദ്ദേഹം സി ബി എസ് ന്യൂസിനോടു പറഞ്ഞു.  

Guilfoyle quits as ambassador to Greece after money row 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക