
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ രാജ്യം പിന്തുടരുന്നത് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും, അതിർത്തി സുരക്ഷയും ഭീകരവാദ വിരുദ്ധ നീക്കങ്ങളും ശക്തമാക്കാൻ ബിംസ്റ്റെക് രാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന പ്രഥമ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ ഫണ്ടിംഗും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യയുടെ മുന്നേറ്റമെന്നും സമാധാനത്തോടും പരസ്പര സഹവർത്തിത്വത്തോടും രാജ്യം എന്നും പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തിലൊരിക്കലും മറ്റൊരു രാജ്യത്തെ ആക്രമിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ ശ്രമിച്ചിട്ടില്ല. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും അതിർത്തി സുരക്ഷയെയും പൂർണമായി മാനിച്ചുകൊണ്ട്, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാജ്യം എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അംഗരാജ്യത്തും ഭീകരസംഘടനകൾക്ക് താവളമടിക്കാനോ പരിശീലനം നേടാനോ വിഭവങ്ങൾ സമാഹരിക്കാനോ സാധിക്കാത്ത വിധം ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടണമെന്ന് ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പരസ്പര നിയമസഹായവും കൈമാറ്റ കരാറുകളും കാര്യക്ഷമമാക്കണം. കൂടാതെ, ലഹരിക്കടത്ത് തടയാൻ സംയുക്ത നീക്കം അനിവാര്യമാണെന്നും ലഹരിയിൽ നിന്നുള്ള പണമാണ് ഭീകരവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്നതെന്നും, ഡാർക്ക് വെബ് വഴിയുള്ള പ്രവർത്തനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.