Image

'കലാച്ചി' കോപ്പിയടിയെന്ന ആരോപണം: എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസുമായി കെ.ആർ. മീര

Published on 13 October, 2026
'കലാച്ചി' കോപ്പിയടിയെന്ന ആരോപണം: എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസുമായി കെ.ആർ. മീര

തൃശൂർ: പ്രമുഖ എഴുത്തുകാരി കെ.ആർ. മീരയുടെ പുതിയ നോവലായ 'കലാച്ചി' തന്റെ 'സിൻ' എന്ന നോവലിന്റെ പകർപ്പാണെന്ന് ആരോപിച്ച് അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മീര ഹർജി നൽകിയത്. പരാതി നവംബർ ഏഴിന് കോടതി പരിഗണിക്കും.

​സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ അഭിമുഖങ്ങളിലൂടെയും കൃതിയുടെ മൗലികതയെ ചോദ്യം ചെയ്ത് തന്റെ സാഹിത്യപ്രതിച്ഛായയ്ക്ക് ഗുരുതരമായ കോട്ടം വരുത്തിയെന്നാണ് കെ.ആർ. മീരയുടെ ഹർജിയിലെ പ്രധാന ആരോപണം. 'കലാച്ചി'യുടെ ആശയം 2013 മുതൽ രൂപപ്പെട്ടതാണെന്നും 2020 നവംബർ മുതൽ 'ട്രൂകോപ്പി തിങ്കി'ൽ നോവലിന്റെ ആദ്യ ആറ് അധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കഥാപാത്രങ്ങളും പശ്ചാത്തലവും വർഷങ്ങൾക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന്റെ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന മീര വക്കീൽ നോട്ടീസ് അയച്ചിരുന്നു.

​2022-ൽ പുറത്തിറങ്ങിയ തന്റെ 'സിൻ' എന്ന പുസ്തകം കെ.ആർ. മീര വായിച്ചിരുന്നുവെന്നും ഇരുപുസ്തകങ്ങളുടെയും പ്രമേയത്തിന് സമാനതകളുണ്ടെന്നുമായിരുന്നു ഹരിത സാവിത്രിയുടെ വാദം. ഇതിനെതിരെ അയച്ച വക്കീൽ നോട്ടീസിന് ഹരിത മറുപടി നൽകിയിരുന്നെങ്കിലും, തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ കെ.ആർ. മീര തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക