
ന്യൂഡൽഹി: സൗദി അറേബ്യ - ഹൂതി ഏറ്റുമുട്ടൽ രൂക്ഷമായതോടെ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ . റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ഒക്ടോബർ 17 വരെ ഇൻഡിഗോ റദ്ദാക്കിയത്. മധ്യപൂർവ്വേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ വിവരങ്ങൾ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിൽ യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിനുള്ള (ഫുൾ റീഫണ്ട്) സൗകര്യം ഉപയോഗിക്കാമെന്നും ഈ തുക ഏഴ് ദിവസത്തിനുള്ളിൽ പണം നൽകിയ അതേ അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും എയർലൈൻ വ്യക്തമാക്കി. കൂടുതൽ ചെലവില്ലാതെ യാത്രയുടെ തീയതി മാറ്റാനും (റീഷെഡ്യൂൾ) അവസരമുണ്ട്. ട്രാവൽ പാർട്ണർമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി അവരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.