Image

നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈലിനെ പാർപ്പിച്ചത് ജുവനൈൽ ഹോമിലല്ല; എന്താണ് ബോർസ്റ്റൽ സ്കൂൾ?

Published on 13 October, 2026
നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈലിനെ പാർപ്പിച്ചത് ജുവനൈൽ ഹോമിലല്ല; എന്താണ് ബോർസ്റ്റൽ സ്കൂൾ?

കൊച്ചി: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ സജീവിനെ കാക്കനാട്ടെ ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് സമൂഹമാധ്യമങ്ങളിൽ തെറ്റായ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ വിശദീകരണവുമായി ജയിൽ വകുപ്പ്. സുഹൈലിനെ പാർപ്പിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായുള്ള ജുവനൈൽ ഹോമിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. നിയമപരമായി 18-നും 21-നും ഇടയിൽ പ്രായമുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക തടവുകേന്ദ്രമാണ് ബോർസ്റ്റൽ സ്കൂൾ. ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരെ ദുർഗുണ പരിഹാര പാഠശാലയായ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്കും, 18 മുതൽ 21 വയസ്സുവരെയുള്ള യുവ കുറ്റവാളികളെ ബോർസ്റ്റൽ സ്കൂളിലേക്കുമാണ് മാറ്റേണ്ടത്.

​സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഹോസ്റ്റൽ മാതൃകയിലുള്ള സംരക്ഷണ കേന്ദ്രമാണ് ജുവനൈൽ ഹോമെങ്കിൽ, ബോർസ്റ്റൽ സ്കൂൾ ജയിൽ വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ജയിൽ സൂപ്രണ്ടും ജയിൽ ഉദ്യോഗസ്ഥരുമാണ് ഇവിടത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നതിനാൽ ജയിൽ നിയമങ്ങളെല്ലാം ഇവിടെയും ബാധകമാണ്. 1995-ൽ കണ്ണൂരിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതാണ് സംസ്ഥാനത്തെ ഏക ബോർസ്റ്റൽ സ്കൂൾ. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയപ്പോഴും, തടവുകാരെ ശിക്ഷിക്കുന്നതിനേക്കാൾ അവരെ നേർവഴിക്ക് നയിച്ച് സമൂഹത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സൂപ്രണ്ട് അജു ആർ. വി. വ്യക്തമാക്കി.

​കൊടുംകുറ്റവാളികളുടെ സാന്നിധ്യമോ ഭയാനകമായ തടവറ അന്തരീക്ഷമോ ഇല്ലാത്ത ഒരു റസിഡൻഷ്യൽ ക്യാംപസിന് സമാനമായ രീതിയിലാണ് ഇവിടം സജ്ജീകരിച്ചിരിക്കുന്നത്. വ്യായാമം, കൃഷി, കായിക വിനോദങ്ങൾ, ക്ലാസുകൾ എന്നിവയോടൊപ്പം സാംസ്കാരിക വകുപ്പിന്റെയും തൃക്കാക്കര നഗരസഭയുടെയും സഹകരണത്തോടെ നാടൻപാട്ട്, നാടകം തുടങ്ങിയ സർഗാത്മക പരിശീലനങ്ങളും അന്തേവാസികൾക്ക് നൽകിവരുന്നു. 66 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ നിലവിൽ എൺപതോളം പേരുണ്ട്. ഇതിൽ 30 മുതൽ 40 ശതമാനം വരെ പേർ പോക്സോ കേസുകളിലും 20 ശതമാനത്തോളം പേർ ലഹരിമരുന്ന് കേസുകളിലുൾപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുമാണ്. നിലവിൽ രണ്ട് അധ്യാപകരും ഒരു നെയ്ത്ത് പരിശീലകനുമാണ് ഇവരുടെ തിരുത്തൽ പ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക