
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച മാർച്ചിൽ, ബാറ്റ്മാൻ മാസ്ക് ധരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകവും ചർച്ചയുമായി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. മാർച്ചിനിടെ ബാറ്റ്മാൻ മാസ്ക് ധരിച്ചെത്തിയ ഏതാനും യുവാക്കളെ കണ്ട രാഹുൽ ഗാന്ധി, 'ജെൻ-സി' (പുതിയ തലമുറ) വിഭാഗവുമായുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മാസ്ക് വാങ്ങി ധരിക്കുകയായിരുന്നു. ഒപ്പം ബസിലുണ്ടായിരുന്ന ഖാർഗെയെ മാസ്ക് ധരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാക്കളുടെ ഈ വേറിട്ട പ്രതിഷേധ ശൈലിക്കെതിരെ രൂക്ഷ പരിഹാസവുമായി ബി.ജെ.പി ഉടൻ രംഗത്തെത്തി. ഡൽഹി കുറ്റകൃത്യങ്ങൾ നിറഞ്ഞ ബാറ്റ്മാൻ സിനിമകളിലെ സാങ്കൽപ്പിക നഗരമായ 'ഗോഥം സിറ്റി' അല്ലെന്നും, രാജ്യതലസ്ഥാനത്തിന് ഒരു 'ഡാർക്ക് സൂപ്പർ ഹീറോ'യുടെയോ സഹായിയായ 'റോബി'ന്റെയോ ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി ജയന്ത് സിംഗ് എക്സിൽ (ട്വിറ്റർ) കുറിച്ചു. ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ പക്വതയില്ലാത്ത രീതിയിലാണ് കോൺഗ്രസ് നേതൃത്വം പെരുമാറുന്നതെന്ന വിമർശനവും ഭരണപക്ഷം ഉയർത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒരു ഇൻസ്റ്റാഗ്രാം ലൈവിനിടെ, 'താങ്കൾ ബാറ്റ്മാൻ ആണോ' എന്ന ചോദ്യത്തിന് 'ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഉണ്ടായിരുന്നതായി ആരും ഇതുവരെ കണ്ടിട്ടില്ല' എന്ന് രാഹുൽ ഗാന്ധി തമാശരൂപേണ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ രാഹുലിനെ 'യഥാർഥ ബാറ്റ്മാൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രവർത്തകർ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ബാറ്റ്മാൻ മാസ്ക് പ്രതിഷേധവും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.