Image

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കഴിഞ്ഞ ദശകത്തിൽ രാജ്യം ഡിജിറ്റൽ ശക്തിയായി വളർന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 13 October, 2026
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കഴിഞ്ഞ ദശകത്തിൽ രാജ്യം ഡിജിറ്റൽ ശക്തിയായി വളർന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യം ആഗോളതലത്തിൽ വൻ ഡിജിറ്റൽ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമങ്ങളും തുറന്ന സംവാദങ്ങളുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവവായുവെന്നും വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്കാരമാണ് രാജ്യത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

​ഇന്ത്യയുടെ ബഹുസ്വരതയും ആശയവിനിമയ സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നൂറിലധികം ഭാഷകളും എൺപതിനായിരത്തോളം രജിസ്റ്റർ ചെയ്ത പത്ര-മാസികകളും ആയിരത്തിലേറെ സാറ്റലൈറ്റ് ചാനലുകളും രാജ്യത്തുണ്ടെന്ന് ഓർമിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ 50 കോടിയിലധികം (500 മില്യൺ) വീതം ഉപഭോക്താക്കൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമുണ്ട്. ജനങ്ങൾ വിവിധ വിഷയങ്ങളിൽ സ്വതന്ത്രമായി സംവാദങ്ങളിൽ ഏർപ്പെടുന്ന ഇടമായി രാജ്യം മാറിയെന്നും ഈ പരിവർത്തനത്തിൽ ഇന്ത്യ കൈവരിച്ച ഡിജിറ്റൽ ശാക്തീകരണം നിർണായക പങ്കുവഹിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

​ആഗോളതലത്തിലെ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ലോകം ഒരു സംഘർഷത്തിൽനിന്ന് കരകയറുമ്പോഴേക്കും മറ്റൊന്ന് ഉടലെടുക്കുന്നത് ഊർജ മേഖലയിലടക്കം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, ആർക്കും ഒരു പോറൽ പോലും ഏൽപ്പിക്കാതെയാണ് ഇന്ത്യ ലോകത്തിനൊപ്പം മുന്നേറുന്നത്. ആഗോളതലത്തിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്ന വിശ്വസ്ത പങ്കാളിയായാണ് ഇന്ത്യ വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക