
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്ന് ക്ഷാമവും ആരോഗ്യമേഖലയിലെ പ്രതിസന്ധിയും ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസും ഭരണ-പ്രതിപക്ഷ വാക്പോരും. കെ.വി. സുമേഷ് എം.എൽ.എയാണ് വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് ആരോപിച്ച സുമേഷ്, മാധ്യമവാർത്തകൾ ഉദ്ധരിച്ച് ആരോഗ്യ വകുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു. എന്നാൽ, ആരോഗ്യവകുപ്പിൽ ഗുരുതര പ്രതിസന്ധികളൊന്നുമില്ലെന്നും മുൻ സർക്കാരിന്റെ കാലത്തെ കുടിശ്ശികയും പെരുമാറ്റച്ചട്ടവുമാണ് താത്കാലിക തടസ്സങ്ങൾക്ക് കാരണമായതെന്നും വ്യക്തമാക്കിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ, 24 ഇനം മരുന്നുകൾക്ക് മാത്രമാണ് നേരിയ കുറവുള്ളതെന്നും അവ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മറുപടി നൽകി.
മന്ത്രി വിഷയത്തെ ലാഘവത്തോടെയാണ് കാണുന്നതെന്നും എന്തിനും മുൻ സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ ജനങ്ങൾ എന്തിനാണ് ഈ സർക്കാരിനെ തിരഞ്ഞെടുത്തതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. സ്വന്തം വകുപ്പിലെ കാര്യങ്ങൾ മന്ത്രി കൃത്യമായി മനസ്സിലാക്കണമെന്നും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയ സ്ഥലംമാറ്റങ്ങളാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തിയ പ്രതിപക്ഷം, വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, 'അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് നിലവിൽ മരുന്നില്ലാത്തത്' എന്ന് മന്ത്രി മുരളീധരൻ പരിഹസിച്ചതോടെ സഭയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമുയർത്തി. പ്രതിപക്ഷം മരുന്ന് കമ്പനി ഏജന്റുമാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ആരോപണങ്ങൾ ഊതിവീർപ്പിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പരിഹാസ മറുപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. മന്ത്രിയുടെ നിരുത്തരവാദപരമായ സമീപനത്തെ നിയന്ത്രിക്കാൻ സ്പീക്കർക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരുന്നിന്റെ കുറവ് തന്നെയാണ് ക്ഷാമമെന്നും ജനങ്ങളുടെ ജീവൻവെച്ച് കളിക്കുന്ന ഈ സമീപനത്തിന് പിന്നിൽ സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണോയെന്നും പിണറായി വിജയൻ ചോദിച്ചു. മന്ത്രിയുടെ നിഷേധാത്മക നിലപാടിലും പരിഹാസത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് വാക്കൗട്ട് നടത്തി.