Image

പ്രതി മദ്യപിച്ച വിവരം എഫ്.ഐ.ആറിലില്ല, ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും ദുരൂഹത; നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തത്തിൽ നീതി നിഷേധിക്കപ്പെടുന്നുവെന്ന് ഗോപികയുടെ അച്ഛൻ

Published on 13 October, 2026
പ്രതി മദ്യപിച്ച വിവരം എഫ്.ഐ.ആറിലില്ല, ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും ദുരൂഹത; നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തത്തിൽ നീതി നിഷേധിക്കപ്പെടുന്നുവെന്ന് ഗോപികയുടെ അച്ഛൻ

​പാലക്കാട്: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ മാതാപിതാക്കൾ. മൂന്നുപേരുടെ ജീവനെടുത്ത ക്രൂരകൃത്യം ചെയ്തിട്ടും പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് അയച്ചതിൽ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കുമോയെന്ന് കടുത്ത ആശങ്കയുണ്ടെന്നും അച്ഛൻ പ്രദീപും അമ്മയും കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട പ്രതിയുടെ കുടുംബത്തിന് വൻ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുണ്ടെന്നും, 'എല്ലാം ബാപ്പ നോക്കിക്കോളും' എന്ന് അപകടത്തിന് തൊട്ടുപിന്നാലെ സുഹൈൽ പറഞ്ഞത് ഈ സ്വാധീനബലത്തിലാണെന്നും കുടുംബം ആരോപിച്ചു.

​കേസിന്റെ തുടക്കം മുതൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണുണ്ടായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി. അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചാണ് പ്രതി ദുരന്തം വരുത്തിവെച്ചതെങ്കിലും ആദ്യ എഫ്.ഐ.ആറിൽ മദ്യപിച്ച വിവരം രേഖപ്പെടുത്തിയിരുന്നില്ല. അപകടദിവസം രാവിലെ സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പ്രതിയെ കണ്ട് സംസാരിക്കുമ്പോൾ, ഇയാൾ 'നല്ല പൂസാണെന്ന്' സി.ഐ തന്നെ പറയുന്നത് കേട്ടിരുന്നു. ഇത്രയധികം മദ്യപിച്ച ഒരാളെ എന്ത് അടിസ്ഥാനത്തിലാണ് ജുവനൈൽ ഹോമിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹത്തിന്റെ തുന്നലഴിച്ച് വീണ്ടും രക്തസാംപിൾ ശേഖരിച്ചതിൽ കടുത്ത സംശയമുണ്ടെന്നും പ്രദീപ് തുറന്നടിച്ചു.

​മകൾ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനിടയിലും കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂർവം താറടിക്കാൻ ചില രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണങ്ങൾ നടക്കുകയാണെന്നും ഗോപികയുടെ അച്ഛൻ പറഞ്ഞു. കെ.എം.എം കോളജിലെ വൈസ് ചെയർപേഴ്സണും എൻ.എസ്.എസ് വളണ്ടിയറുമായി നാടിന് മാതൃകയായി ജീവിച്ച പെൺകുട്ടിയെയും സാധാരണക്കാരായ തങ്ങളുടെ കുടുംബത്തെയും അപമാനിക്കുന്നത് നീതി തടസ്സപ്പെടുത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓട്ടോറിക്ഷ ഓടിച്ചും റബർ കടയിൽ പണിയെടുത്തുമാണ് മകളെ പഠിപ്പിച്ചതെന്നും കോടീശ്വരന്മാരായ പ്രതികൾക്കെതിരെ പൊരുതി നീതി നേടാൻ കഴിയുമോ എന്ന ഭയമുണ്ടെന്നും ഗോപികയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക