
ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് പ്രവേശനം വിലക്കിയുള്ള ഡൽഹി പൊലീസിന്റെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് സി.ജെ.പി. പ്രവർത്തകരുടെ അപ്രതീക്ഷിത മിന്നൽ സമരം. ദേശീയപതാകയേന്തി സ്ഥലത്തെത്തിയ പത്തോളം പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മിന്നൽ പ്രതിഷേധം.
ജന്തർ മന്തറിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം ബാരിക്കേഡുകൾ നിരത്തി പൊലീസ് ശക്തമായ സുരക്ഷാവലയം തീർത്തിരുന്നു. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ച്, ജന്തർ മന്തറിന്റെ പിൻഭാഗത്തെ ബാരിക്കേഡുകൾ മറികടന്ന് അകത്തുകടന്ന പ്രവർത്തകർ ദേശീയപതാക വീശി 'ഭാരത് മാതാ കീ ജയ്', 'ഇൻക്വിലാബ് സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധം ആരംഭിച്ച ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി ഇവരെ ബലമായി പിടികൂടി കസ്റ്റഡിയിലെടുത്തു നീക്കി.
ത്രിവർണ പതാകയേന്തി തങ്ങളുടെ പ്രവർത്തകർ ജന്തർ മന്തറിൽ ഐതിഹാസികമായ പ്രതിഷേധം രേഖപ്പെടുത്തിയതായി സി.ജെ.പി. നേതാവ് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സംഘടന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജന്തർ മന്തർ പ്രതിഷേധ വേദിയല്ലെന്ന് ഡൽഹി പൊലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് കണ്ണുവെട്ടിച്ച് ഈ അപ്രതീക്ഷിത നീക്കം നടന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തുമെന്ന് സി.ജെ.പി. നേരത്തെ പ്രഖ്യാപിച്ചിരുന്നു.