
ഗുവാഹത്തി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, കോൺഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേരളം, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കാൻ തയാറാണെങ്കിൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാൻ താനും ഒരുക്കമാണെന്ന് ഹിമന്ത പറഞ്ഞു. ഗ്യാനേഷ് കുമാറിന് കീഴിൽ നടന്നുവെന്ന് ആരോപിക്കുന്ന 'വോട്ട് കവർച്ച' വഴിയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് സർക്കാരുകൾ രൂപീകരിക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ ധാർമികതയുണ്ടെങ്കിൽ സർക്കാരുകളെ പിരിച്ചുവിടാൻ രാഹുൽ ഗാന്ധി തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സുപ്രീം കോടതിയെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ ഭീഷണിപ്പെടുത്താൻ അവകാശമില്ലെന്ന് ഹിമന്ത ആഞ്ഞടിച്ചു. അസം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്നും രാജ്യവ്യാപകമായി ഓരോ അഞ്ച് വർഷം കൂടുമ്പോഴും പ്രത്യേക എൻറോൾമെന്റ് പരിശോധന (SIR) നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യത നിലനിർത്താൻ കഴിയൂ എന്നും അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയും കോൺഗ്രസും വിദേശ ശക്തികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ഇന്ത്യയെ നേപ്പാളിനെയും ബംഗ്ലാദേശിനെയും പോലെയുള്ള അസ്ഥിര രാജ്യമാക്കാനാണ് അവരുടെ ശ്രമമെന്നും ഹിമന്ത ആരോപിച്ചു. നിലവിലെ പ്രതിപക്ഷ സമരങ്ങൾക്ക് ജനപിന്തുണയില്ല. രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമാണ് രാഹുലിനൊപ്പമുള്ളത്. ഇവർ രാജ്യത്തിന്റെ വളർച്ചയെ എതിർക്കുന്ന 'ദിമാഗി നക്‌സലുകൾ' (ബുദ്ധിജീവി നക്സലുകൾ) ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.