
കണ്ണൂർ: തില്ലങ്കേരി സ്വദേശിനിയായ ഇരുപതുകാരി കീർത്തന ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായി. പേരാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്നുവന്ന ലോക്കൽ പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം നടന്ന് ആറുമാസത്തിന് ശേഷം കേസ് പുതിയ ഏജൻസിക്ക് വിട്ടത്. മംഗലാപുരത്ത് ഫിസിയോതെറാപ്പി വിദ്യാർഥിനിയായിരുന്ന കീർത്തനയെ കഴിഞ്ഞ ഏപ്രിൽ 19-നാണ് വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 30-നായിരുന്നു അന്ത്യം.
മട്ടന്നൂരിൽ പ്ലസ് ടുവിന് ഒപ്പം പഠിച്ചിരുന്ന ആദിദേവ് എന്ന യുവാവുമായുള്ള പ്രണയബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് പെൺകുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ആദിദേവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കാണിച്ച് അവസാന നാളുകളിൽ കീർത്തന സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. മംഗലാപുരത്ത് വെച്ച് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടുകാർ തില്ലങ്കേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാൽ, വീട്ടിലെത്തി രണ്ടു ദിവസത്തിനകം കീർത്തന വീണ്ടും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ആദിദേവിന്റെ പിതാവ് പൊലീസുകാരനായതിനാൽ കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടക്കുന്നുവെന്ന് തുടക്കംമുതലേ പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. കൃത്യമായ സൂചനകൾ ഉണ്ടായിട്ടും ആദിദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ മറ്റ് നിയമനടപടികളിലേക്ക് കടക്കാനോ ലോക്കൽ പൊലീസ് തയാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായത്.