Image

മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവ്; വയോജന സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ

Published on 13 October, 2026
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവ്; വയോജന സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്താൻ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വയോജനക്ഷേമ ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് സഭയുടെ മേശപ്പുറത്തുവെക്കുക. മുതിർന്നവരെ സ്വന്തം വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക മേൽനോട്ട സംവിധാനങ്ങളും 'സംസ്ഥാന കരുതൽ നിധിയും' രൂപീകരിക്കാനും ബില്ലിൽ നിർദേശമുണ്ട്.

​മാതാപിതാക്കളെയും കുടുംബത്തിലെ മുതിർന്നവരെയും വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷം വരെ തടവും അരലക്ഷം രൂപ പിഴയും ഉറപ്പാക്കുന്ന കർശന ശിക്ഷയാണ് പുതിയ നിയമത്തിന്റെ പ്രധാന ആകർഷണം. അനുമതിയില്ലാതെ പരിചരണ കേന്ദ്രങ്ങളിലോ മറ്റ് ഇടങ്ങളിലോ എത്തിച്ചു തള്ളുന്നതും കുടുംബാംഗങ്ങളോ കെയർ ഹോം ജീവനക്കാരോ നടത്തുന്ന ശാരീരിക-മാനസിക പീഡനങ്ങളും സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പരിചരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ അന്തേവാസികളുടെ സ്വത്ത് അനധികൃതമായി തട്ടിയെടുത്താലും മൂന്നുവർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്കാണ് ഈ നിയമപ്രകാരമുള്ള കേസുകൾ വിചാരണ ചെയ്യാനുള്ള അധികാരം.

​അംഗീകാരമില്ലാതെ കെയർ ഹോമുകൾ നടത്തുന്നവർക്ക് ഒരുവർഷം വരെ തടവോ 25,000 രൂപ പിഴയോ ശിക്ഷ ചുമത്തും. പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷനും ജീവനക്കാർക്ക് പരിശീലന സർട്ടിഫിക്കറ്റും ഒപ്പം താമസിക്കുന്ന കെയർടേക്കർമാർക്ക് പൊലീസ് ക്ലിയറൻസും നിർബന്ധമാക്കിയിട്ടുണ്ട്. അൽഷിമേഴ്‌സ്, ഡിമെൻഷ്യ ബാധിതർക്കായി പ്രത്യേക സർക്കാർ പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റന്റ് ഇൻസ്പെക്ടർ തലത്തിലുള്ള നോഡൽ ഓഫീസർമാർ, മുതിർന്ന പൗരന്മാർക്കായുള്ള സൈബർ സെല്ലുകൾ, ഡിജിറ്റൽ സാക്ഷരത, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്ന സമഗ്ര വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക