Image

ഇല്‍ഹാന്‍ ഒമറിന്റെ വസതിയില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ റെയ്ഡ്

പി പി ചെറിയാന്‍ Published on 13 October, 2026
ഇല്‍ഹാന്‍ ഒമറിന്റെ വസതിയില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ റെയ്ഡ്

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിന്റെ വാഷിംഗ്ടണ്‍ മേഖലയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ യു.എസ് അധികൃതര്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. സോമാലിയന്‍ വംശജയായ ജനപ്രതിനിധിയുടെ ഇമിഗ്രേഷന്‍ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വിഷയത്തെക്കുറിച്ച് വിവരമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഫൊക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു.

'വാഷിംഗ്ടണ്‍ ഡി.സി മേഖലയില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയോടെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് തിരച്ചില്‍ വാറന്റ് നടപ്പിലാക്കി. നിലവില്‍ നടക്കുന്ന ഫെഡറല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി,' എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഫൊക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

മിനസോട്ടയില്‍ നിന്നുള്ള ജനപ്രതിനിധിയായ ഇല്‍ഹാന്‍ ഒമര്‍ കുട്ടിയായിരുന്നപ്പോള്‍ അന്തരിച്ച പിതാവ് പൂരിപ്പിച്ചു നല്‍കിയ ഇമിഗ്രേഷന്‍ രേഖകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ തട്ടിപ്പ് അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് റെയ്ഡ് നടന്നതെന്ന് വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റോ ഇല്‍ഹാന്‍ ഒമറിന്റെ വക്താവോ തയ്യാറായിട്ടില്ല.

സോമാലിയന്‍-അമേരിക്കന്‍ സമൂഹത്തിനെതിരെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെയായി കടുത്ത വിമര്‍ശനങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ട്രംപിന്റെ രാഷ്ട്രീയ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇല്‍ഹാന്‍ ഒമര്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക