
മഞ്ചേരി: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ നജീബ് കാന്തപുരം എം.എല്‍.എ.ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി. അഭിഭാഷക കമ്മിഷണര്‍ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രനാണ് എം.എല്‍.എ.ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ മേലാറ്റൂര്‍ എസ്.എച്ച്.ഒ.യ്ക്ക് നിര്‍ദേശം നല്‍കിയത്.
പെരിന്തല്‍മണ്ണ വേങ്ങൂരിലെ ഒരു വീട്ടില്‍ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോള്‍ എം.എല്‍.എ. മോശമായി പെരുമാറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതായി അഭിഭാഷക കമ്മിഷണര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് കോടതി മേലാറ്റൂര്‍ പോലീസിനോട് വിശദീകരണം തേടുകയുംചെയ്തു.
വീട് ജപ്തിചെയ്താല്‍ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോള്‍ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എം.എല്‍.എ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് മേലാറ്റൂര്‍ എസ്.എച്ച്.ഒ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. എം.എല്‍.എ.ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസില്‍ ഇരുഭാഗത്തിന്റെയും വാദം തിങ്കളാഴ്ച സി.ജെ.എം. കോടതിയില്‍ പൂര്‍ത്തിയായി. 16-ന് വിധിപറയും. സംഭവത്തില്‍ നിരുപാധികം മാപ്പുപറയുന്നതായി എം.എല്‍.എ. വക്കീല്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു.