Image

റഷ്യൻ ഡീസൽ വാങ്ങാൻ പുട്ടിനുമായി ധാരണയായെന്നു ട്രംപ്; റഷ്യയ്‌ക്കെതിരായ ഉപരോധം മരവിപ്പിച്ചു (പിപിഎം)

Published on 10 October, 2026
റഷ്യൻ ഡീസൽ വാങ്ങാൻ പുട്ടിനുമായി ധാരണയായെന്നു ട്രംപ്; റഷ്യയ്‌ക്കെതിരായ ഉപരോധം മരവിപ്പിച്ചു (പിപിഎം)

യുഎസിൽ കുതിച്ചുയരുന്ന ഡീസൽ വില പിടിച്ചു നിർത്താൻ റഷ്യയിൽ നിന്നു വൻ തോതിൽ ഡീസൽ വാങ്ങാൻ ഏർപാടായെന്നു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള ഫോൺ സംഭാഷണത്തിലാണ് ധാരണ ഉണ്ടായത്. റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് 2027 ഏപ്രിൽ വരെ മരവിപ്പിക്കയും ചെയ്തു.  

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു 100% തീരുവ ചുമത്താൻ ട്രംപിനു യുഎസ് കോൺഗ്രസ് അനുമതി നൽകിയതിനു പിന്നാലെ അദ്ദേഹം തന്നെ റഷ്യൻ ഡീസൽ വാങ്ങാൻ നീക്കം നടത്തിയത് ഇന്ധന വിലകൾ നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവും എന്ന ആശങ്കയിലാണ്. എണ്ണ വിൽക്കുന്ന പണം റഷ്യ യുക്രൈൻ യുദ്ധത്തിനു ഉപയോഗിക്കുന്നു എന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപിത എതിർപ്പ്.  

സിലിൻസ്കി പൊട്ടിത്തെറിച്ചു

ട്രംപ് ട്രൂത് സോഷ്യലിൽ പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി പൊട്ടിത്തെറിച്ചു. "ഭീകരമായ നീക്കം, അന്യായം, സത്യത്തിന്റെ അംശം പോലുമില്ലാത്ത തീരുമാനം," അദ്ദേഹം പറഞ്ഞു. ഈയാഴ്ച്ച 74ൽ എത്തിയ പുട്ടിനു ട്രംപ് നൽകിയ പിറന്നാൾ സമ്മാനമാണിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെമോക്രാറ്റിക്‌ പാർട്ടിയും ട്രംപിനെതിരെ വിമർശനം അഴിച്ചു വിട്ടു. റഷ്യൻ ബാങ്കുകൾക്കും ഉദ്യോഗസ്ഥർക്കും ടാങ്കറുകൾക്കും എതിരെ ഉപരോധം പ്രഖ്യാപിച്ച ട്രംപ് ദയനീയ പരാജയമാണ് പ്രകടമാക്കുന്നതെന്നു സെനറ്റ് ഡെമോക്രാറ്റിക് ലീഡർ ചക് ഷൂമർ പറഞ്ഞു. "അമേരിക്കക്കാർക്കു ജീവിതച്ചെലവ് കുറയ്ക്കുമെന്നു വാഗ്ദാനം ചെയ്തിട്ടു നടപ്പാക്കാൻ കഴിയാത്ത പ്രസിഡന്റിന്റെ ദയനീയ പരാജയമാണിത്."

റഷ്യ ഉടൻ തന്നെ 300,000 ടൺ ഡീസൽ അമേരിക്കൻ-ആഗോള വിപണികളിൽ ഇറക്കുമെന്നു ട്രംപ് പറഞ്ഞു. നവംബറിൽ മറ്റൊരു 500,000 ടൺ വരും. അതിനു ശേഷം ഒരു മില്യൺ ടൺ. പിന്നീട് അവരുടെ റിഫൈനറികൾക്കു കഴിയുമെങ്കിൽ മൂന്ന് മില്ല്യൺ വീതം നൽകും.

ഹോർമുസ് കടലിടുക്കിൽ സമ്പൂർണ നിയന്ത്രണം ഉണ്ടെന്ന അവകാശവാദം ആവർത്തിക്കാൻ ട്രംപ് മറന്നില്ല. റഷ്യൻ ഡീസൽ കൂടി വരുമ്പോൾ അമേരിക്കയിൽ ഇന്ധന വിലകൾ കുത്തനെ ഇടിയുമെന്നു അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ കൃഷി, ചരക്കുനീക്കം എന്നിവയ്ക്കു ഡീസൽ വൻ തോതിൽ ആവശ്യമുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഊർജനയത്തിൽ ഈ കരാർ വമ്പിച്ച നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റൊന്നു കൂടി ട്രംപ് പറഞ്ഞു: "ഇറാന് ഒരിക്കലും അണ്വായുധം ഉണ്ടാക്കാൻ കഴിയില്ല."  പുട്ടിനുമായി അക്കാര്യം സംസാരിച്ചോ എന്നദ്ദേഹം വ്യക്തമാക്കിയില്ല.

Trump announces Russian diesel deal after Putin call

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക