
ദുബായ്-ടെൽ അവീവ് ഫ്‌ളൈദുബായ് ഫ്ലൈറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച ഒമാനി കോ-പൈലറ്റ് കമ്പനിയുടെ നിയമം അനുസരിച്ചുള്ള മാനസിക പരിശോധനയ്ക്കു വിധേയനായിരുന്നില്ലെന്നു സംശയം. ക്യാപ്റ്റൻ സ്മിത് മച്ചാറെ ക്രാഷ് ആക്സ് കൊണ്ട് ആക്രമിച്ച ഹമാം അൽ ഹമാമി (29) ഭീകര പ്രവർത്തനമാണ് നടത്തിയതെന്നു യു എ ഇ അറ്റോണി ജനറൽ ഹമദ് സൈഫ് അൽ ഷംസി ശനിയാഴ്ച്ച പറന്നിരുന്നു.
അമ്മയുടെ നാടായ സിറിയയിൽ വർഷങ്ങൾ അൽ ഖായ്ദയുമായി ബന്ധം പുലർത്തിയ ഹമാമിയെ ഒമാൻ എയർ പിരിച്ചു വിട്ടിരുന്നു. പക്ഷെ യു എ ഇയിൽ ജനിച്ച അയാൾ പിന്നീട് ഫ്‌ളൈദുബായിയിൽ ജോലി നേടി. അയാൾക്കു കടുത്ത തീവ്രവാദ പശ്ചാത്തലം ഉണ്ടെന്നു പ്രോസിക്യൂട്ടർമാർ തന്നെ പറയുന്നു.
ഫ്ലൈദുബായിയുടെ നിയമം അനുസരിച്ചു പൈലറ്റുമാർ വർഷം തോറും സുരക്ഷയുടെ ഭാഗമായി മാനസികം ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനയ്ക്കു വിധേയരാവണം. ഹമാമിക്കു അത്തരം പരിശോധന നടത്തിയിട്ടുണ്ടോ എന്നതു സംശയമാണെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' പറയുന്നു.
ഫ്‌ളൈദുബായ് പറഞ്ഞു: "ഈ ഘട്ടത്തിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഇപ്പോഴും പരിശോധിച്ചു വരുന്നതേയുള്ളൂ.
"അതിനാൽ പറഞ്ഞ കാര്യങ്ങളേക്കാൾ കൂടുതലായി ഞങ്ങൾക്ക് ഇപ്പോൾ ഒന്നും പറയാനില്ല."
പ്രാർഥനയ്ക്കിടയിൽ ആക്രമണം
ഹമാമി പ്രാർഥിച്ചു കൊണ്ടിരിക്കെ മുന്നോട്ടു നോക്കിയിരുന്ന തനിക്കു പിന്നിൽ നിന്ന് അപ്രതീക്ഷിതമായാണ് അടിയേറ്റതെന്നു ക്യാപ്റ്റൻ സ്മിത് മച്ചാർ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോടു പറഞ്ഞതായി വെളിപ്പെടുത്തൽ. മച്ചാറിനെ ആദരിക്കാൻ അദ്ദേഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രയേലി സ്വാതന്ത്ര്യ ദിനത്തിൽ ദീപം തെളിക്കാൻ നെതന്യാഹു ക്ഷണിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ ജോലിക്കിടയിൽ നിസ്കാരം പതിവായതു കൊണ്ട് ഹമാമി അത് നടത്തുമ്പോൾ അസാധാരണമായി ഒന്നും തോന്നിയില്ലെന്നു മച്ചാർ പറഞ്ഞു. തന്റെ പിന്നിൽ ഇരുന്നു ഹമാമി നിസ്കരിക്കുമ്പോൾ താൻ വിമാനം മുന്നോട്ടു നീങ്ങുന്നത് കണ്ടിരിക്കയായിരുന്നു.
"പെട്ടെന്നാണ് തലയുടെ പിന്നിൽ കനത്ത അടിയേറ്റത്. ആദ്യം ഞാൻ കരുതിയത് വിമാനത്തിന് ഗൗരവമായ എന്തോ സംഭവിച്ചെന്നാണ്. പക്ഷെ അടി ആവർത്തിച്ചപ്പോൾ മറ്റെന്തോ കുഴപ്പമുണ്ടെന്നു വ്യക്തമായി.
"ഞാൻ അയാളെ തടയാൻ ശ്രമിച്ചു. പക്ഷെ അടിയുടെ ആഘാതത്തിൽ എനിക്കു കാഴ്ച്ച മങ്ങിയിരുന്നു. വിമാനം കുത്തനെ താഴുകയാണെന്നു ഞാൻ തിരിച്ചറിയുകയും ചെയ്തു.
"ഇതാണ് ഞാൻ ഓർമിക്കുന്നത്. എന്റെ ഓർമ പക്ഷെ ഇപ്പോൾ പൂർണമായും കൃത്യമല്ല. ഞാൻ ഡോർ തുറക്കാൻ ശ്രമിച്ചു. പക്ഷെ അയാൾ അത് വീണ്ടും അടച്ചു എന്നാണ് ഓർമ. ഞാൻ കോക്ക്പിറ്റിൽ വീണു കിടക്കുമ്പോൾ വിമാനം വലിയ ശബ്ദത്തോടെ പറന്നു കൊണ്ടിരുന്നു. ആളുകൾ അലറി വിളിക്കുന്നതും ഞാൻ കേട്ടു.
"ഇതെന്റെ അവസാന ഫ്ലൈറ്റ് ആണെന്ന് എനിക്കു തോന്നി. എന്തായാലും ഞാൻ മരിക്കും എന്നുറപ്പിച്ചു കൊണ്ട് സഹായത്തിനു ഞാൻ നിലവിളിച്ചു. അപ്പോഴാണ് സർവ ശക്തിയുമെടുത്തു ഞാൻ ഡോർ തുറക്കാൻ തുനിഞ്ഞത്."
ഇന്ത്യയിൽ സ്‌പൈസ് ജെറ്റ് പറത്തിയിട്ടുള്ള മച്ചാർ നാലു വർഷം മുൻപാണ് ഫ്‌ളൈദുബായിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ സഹോദരനും ഫ്‌ളൈദുബായ് പൈലറ്റാണ്.
മുംബൈ ഘാട്കോപ്പറിൽ താമസിക്കുന്ന മച്ചാർ കുടുംബം ഗുജറാത്തികളാണ്.
Hamami may not have had mandatory mental check