
രണ്ടാഴ്ചകൾക്കു ശേഷമുള്ള ഒരു ദിവസം…
രാജുവിൻറെ മുറിവ് ഏറെക്കുറെ കരിഞ്ഞിരുന്നു. എന്നാലും അയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നില്ല. ആശുപത്രിയിൽ അയാൾക്ക് സഹായമായി എബിയും ബീനയും സർവ സമയവും ഉണ്ടായിരുന്നു.
അങ്ങനെ ഒരു വൈകുന്നേരമാണ് രാജീവനും വനജയും കൂടി രാജുവിനെ സന്ദർശിക്കാൻ എത്തിയത്.
'ഹലോ രാജീവ്, വനജ...'
എബി സന്തോഷത്തോടെ അവരെ സ്വീകരിച്ചു.
കയ്യിലുണ്ടായിരുന്ന ബാഗ് രാജീവൻ മേശപ്പുറത്തേക്കു വെച്ചു.
' വൈകുന്നേരത്തേക്കുള്ള ഭക്ഷണം. ഇന്നിനി കൊടുത്തയക്കേണ്ട എന്ന് റീത്താമ്മച്ചിയോടു പറഞ്ഞിട്ടുണ്ട്' വനജ പറഞ്ഞു.
'ഇത് കുറെ ഉണ്ടല്ലോ...' ബാഗിനുള്ളിലേക്കു നോക്കിക്കൊണ്ടു എബി പറഞ്ഞു
'ങാ... മമ്മയുടെ നേരിട്ടുള്ള സൂപ്പർവിഷനിൽ ഉണ്ടാക്കിയതാ... രാജുവിൻറെ ഇഷ്ടത്തിന്.’ വനജ പറഞ്ഞു
രാജുവിൻറെ മുഖത്ത് ഒരു ക്ഷീണിച്ച ചിരി പരന്നു.
'രാജീവാ, ഓഫീസ് കാര്യങ്ങൾ എങ്ങനെ നടക്കുന്നു?' രാജു ചോദിച്ചു. 'ആനുവൽ മീറ്റിംഗ് ഇതുവരെ നടന്നില്ലല്ലോ ...'
'അതിനു എന്താ... അത് എപ്പോൾ വേണമെങ്കിലും നടത്താമല്ലോ ... വേണമെങ്കിൽ ഇവിടെ വെച്ചും...' രാജീവൻ ചിരിച്ചു.
രാജുവിനു ഒന്നും മനസിലായില്ല.
'രാജുച്ചായാ, രാജീവന്റെ കമ്പനിയുടെ ഷെയറുകൾ പുറത്തുണ്ടായിരുന്നത് വാങ്ങിയത് ഞാനാണ്.... ലാഭമുള്ള ബിസിനസാണെന്നു തോന്നി...' ബീന അയാളുടെ അടുത്തേക്ക് മുഖം താഴ്ത്തിക്കൊണ്ടു പറഞ്ഞു.
രാജുവിൻറെ അദ്‌ഭുതം കണ്ടു രാജീവൻ ഉറക്കെ ചിരിച്ചു.
'ആ മുകളിലത്തെ മുറിയിൽ പൂട്ടിയിരുന്ന് ഇതൊക്കെ ആയിരുന്നു പണി.....'
'അതിനു ബീനയ്ക്ക് ഇതൊക്കെ...?'
'ഫിലിപ് അലക്‌സാണ്ടറുടെ മകളെ ആരെങ്കിലും ബിസിനസ് പഠിപ്പിക്കണോ? 'ഏതായാലും ബീനാ മലേഷ്യയ്ക്കു പോയി വരട്ടെ... അപ്പോഴേക്ക് രാജുവും ഓകെ ആകുമല്ലോ. അത് കഴിഞ്ഞാവാം മീറ്റിങ്ങും ഒക്കെ.' രാജീവൻ പറഞ്ഞു.
'ബീന തനിച്ചല്ല. ഞാനും പോകുന്നു...' എബി പറഞ്ഞു
'ഉം...' രാജു മൂളി. 'അതാണ് ശരി. കല്യാണം കഴിഞ്ഞ് അവിടേക്കു ആദ്യം പോകുമ്പോൾ അവൾ തനിച്ചല്ല പോകേണ്ടത്...' രാജു പറഞ്ഞു.
'അതുമല്ല ദിവാകറിൻറെ കല്യാണം ചെന്ന് നിന്ന് നടത്തണം എന്നാണ് ബീന പറയുന്നത്...' എബി പറഞ്ഞു
'ദിവാകർ... നിങ്ങളുടെ മാനേജർ അല്ലേ?' വനജ ചോദിച്ചു.
'മാനേജരല്ല.... ബീനയുടെ ബ്രദർ' എബി വനജയെ തിരുത്തി.
'യെസ്... എൻറെ അച്ഛനും അമ്മയ്ക്കും ജനിക്കാഞ്ഞ എൻറെ ബ്രദർ. എൻറെ ജീവന് കാവൽ നിന്ന എൻറെ സഹോദരൻ’. ബീന പറഞ്ഞു.
കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടിനിന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലെ സംഭവങ്ങൾ അവർ ഓർക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകൾ രാജുവിൻറെ ബെഡിനടുത്തുള്ള ടേബിളിൽ ഇരുന്നിരുന്ന സുമയുടെ ചിത്രത്തിലേക്ക് നീണ്ടു. പിന്നെ, രാജുവൊഴിച്ച്, ഓരോരുത്തരായി കണ്ണുകൾ ആ ചിത്രത്തിൽ നിന്ന് പിൻവലിച്ചു.
വീണ്ടും കുറെ നേരം കൂടി കഴിഞ്ഞു രാജീവനും വനജയും യാത്ര പറഞ്ഞിറങ്ങുമ്പോൾ ബീന ചോദിച്ചു:
'വനജ ചെറുപ്പത്തിൽ എപ്പോഴെങ്കിലും മലേഷ്യയിൽ ഉണ്ടായിരുന്നോ?'
'യെസ്. എനിക്ക് നാലോ, അഞ്ചോ വയസ്സുള്ളപ്പോൾ, കഷ്ടിച്ച് ഒരു വർഷം, എൻറെ കുടുംബം അവിടെ ഉണ്ടായിരുന്നു. ഞാൻ വളരെ വെയ്‌ഗ് ആയേ ഓർക്കുന്നുള്ളൂ...'
ഒന്ന് നിർത്തി വനജ തുടർന്നു .
'അവിടെ ഞങ്ങളുടെ വീടിനടുത്തു ഒരു വലിയ ബംഗ്ലാവ് ഉണ്ടായിരുന്നു. അവിടെ ഒരു ചെറിയ കുട്ടിയും- അമ്മയെക്കൊണ്ട് എപ്പോഴും കഥ പറയിപ്പിക്കുന്ന ഒരു കുട്ടി.'
വാതിൽക്കലോളമെത്തിയ വനജ പെട്ടെന്ന് തിരിഞ്ഞു നിന്നു.
‘ബീനാ ......?’
അവസാനിച്ചു
Read More: https://www.emalayalee.com/writer/69