
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ തുറന്നടിയിൽ കോൺഗ്രസിലും ഘടകകക്ഷികൾക്കിടയിലും അതൃപ്‌തി പടരുന്നു. പാർട്ടിയിൽ കൂട്ടായ ആലോചന നടക്കുന്നില്ലെന്ന വാദമുയർത്തി കെപിസിസി ഓഫിസിൽ നടത്തിയ പത്രസമ്മേളനമാണ് വിവാദങ്ങൾക്ക് വഴിവച്ചിട്ടുള്ളത്.
ഘടകകക്ഷി നേതാക്കൾക്ക് മുമ്പേ ധാരണയായിരുന്ന ക്യാബിനറ്റ് പദവി നൽകിയതും സാംസ്‌കാരിക വകുപ്പിന് കീഴിലെ ബോർഡുകളിൽ നടന്ന നിയമനവും താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു കൺവീനറുടെ വാദം.
മുഖ്യമന്ത്രിക്ക് പുറമേ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡൻ്റുമാരും ക്യാബിനറ്റിൽ ഉണ്ടായിരിക്കെ കൂടിയാലോചന മുഖ്യമന്ത്രി നടത്തുന്നില്ലെന്ന അടൂർ പ്രകാശിൻ്റെ വാദം വസ്‌തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് കെപിസിസി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കൺവീനറെ മുഖ്യമ്രന്തിയും മറ്റുള്ളവരും അവഗണിക്കുന്നുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും പത്രസമ്മേളനത്തിലൂടെ അതൃപ്‌തി പരസ്യമാക്കുന്നത് അച്ചടക്ക ലംഘനമാണെന്നും വാദമുയർന്നിട്ടുണ്ട്. ഇതിനിടെ ഘടകകക്ഷികളും അതൃപ്‌തിയിലാണ്.
തങ്ങൾക്ക് നൽകാമെന്ന് മുന്നണി യോഗത്തിൽ ധാരണയാക്കിയ പദവികൾ നൽകുമ്പോൾ മുന്നണി കൺവീനറ തന്നെ അതിനെ വിമർശിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് മുസ്ലീംലീഗും മറ്റ് ഘടകകക്ഷികളുമുള്ളത്. ലീഗ് തങ്ങളുടെ അതൃപ്‌തി പരസ്യമാക്കുകയും ചെയ്‌തിട്ടുണ്ട്.