Image

ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാപ്സ്

Published on 03 October, 2026
ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാപ്സ്

ന്യൂഡൽഹി: പാരീസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മറച്ചുവയ്ക്കാനോ മാറ്റിനിർത്താനോ ഒഴിവാക്കാനോ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാപ്സ് ഹിന്ദു മന്ദിർ ഓഫ് പാരീസ്. സംഭവത്തിൽ നടത്തിയ ഔദ്യോഗിക അന്വേഷണത്തിൽ ഇത്തരമൊരു നിർദേശം ബാപ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതായും സംഘടന അറിയിച്ചു.

ഫ്രാൻസിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിർ, എക്സിൽ പങ്കുവച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതപ്രതിനിധി സംഘത്തിന്റെ ഈഫൽ ടവർ സന്ദർശനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് വിശദീകരണം.

വനിതാ ജീവനക്കാരെ സന്ദർശക പാതയിൽനിന്ന് ഒഴിവാക്കണമെന്ന് ബാപ്സ് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാട് തുടക്കംമുതൽ സംഘടന സ്വീകരിച്ചിരുന്നതായി പ്രസ്താവനയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ട ജീവനക്കാരോടുള്ള ആശങ്കയും സംഘടന പ്രകടിപ്പിച്ചു.

മതപ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ അവരുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയെന്ന ആരോപണത്തെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. അന്വേഷണ റിപ്പോർട്ട് പ്രകാരം ആശയവിനിമയത്തിലെ വീഴ്ചകളും പ്രവർത്തനപരമായ പിഴവുകളുമാണ് വനിതാ ജീവനക്കാരെ മാറ്റുകയോ പകരക്കാരെ നിയോഗിക്കുകയോ ചെയ്ത സാഹചര്യത്തിലേക്ക് നയിച്ചത്.

ഈഫൽ ടവറിന്റെ നടത്തിപ്പുചുമതലയുള്ള സൊസൈറ്റി ഡി എക്സ്പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഈഫലിന്റെ (SETE) മേധാവി ബ്രാങ്കോ-റുവിവോയും സംഭവത്തിൽ പ്രതികരിച്ചു. സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റാനോ പകരക്കാരെ നിയോഗിക്കാനോ താൻ നിർദേശം നൽകിയിട്ടില്ലെന്ന് ജീവനക്കാർക്കയച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

പുറത്തുവന്ന വിശദീകരണങ്ങൾ സംഭവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും ബന്ധപ്പെട്ട എല്ലാവർക്കും പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകാനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബാപ്സ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക