Image

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു, ഭരണം പ്രതിസന്ധിയിൽ

Published on 03 October, 2026
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു, ഭരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുൻ ഡി.ജി.പിയും പ്രമുഖ ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ തിരുവനന്തപുരം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതകളെ തുടർന്നാണ് അപ്രതീക്ഷിത രാജിയെന്നാണ് സൂചന. കൗൺസിലർ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ശ്രീലേഖ കോർപ്പറേഷൻ മേയർ വി.വി. രാജേഷിന് കൈമാറി. ഒരു സ്വതന്ത്ര അംഗത്തിന്റെ തുച്ഛമായ പിന്തുണയോടെ ഭരണം നിലനിർത്തുന്ന ബി.ജെ.പിക്ക് ശ്രീലേഖയുടെ രാജി ഭരണതലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

​നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ മേയർ പദവി നൽകാമെന്ന ഉറപ്പിലാണ് ശ്രീലേഖയെ സ്ഥാനാർത്ഥിയാക്കിയതെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഭരണം ലഭിച്ചപ്പോൾ നേതൃത്വം വി.വി. രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചതോടെ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. രാജേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകും മുൻപേ അവർ കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോയത് വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. തുടർന്ന് പാർട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ ഇടഞ്ഞുനിന്നെങ്കിലും കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തു വരികയായിരുന്നു. എന്നാൽ, പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്താതെ വന്നതോടെയാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവർ കൗൺസിലർ സ്ഥാനം രാജിവെച്ചത്.

​ശ്രീലേഖയുടെ അപ്രതീക്ഷിത പടിയിറക്കത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കടുത്ത അനിശ്ചിതത്വത്തിലായി. രാജിയോടെ ബി.ജെ.പിയുടെ ആകെ കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങി. കൂടാതെ, കാപ്പ (KAAPA) കേസിൽ പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ നിലവിൽ ജയിലിൽ കഴിയുന്നതും ഭരണപക്ഷത്തിന്റെ അംഗബലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധികാരം നിലനിർത്താൻ കേവല ഭൂരിപക്ഷം തികയ്ക്കാൻ പെടാപ്പാട് പെടുന്ന ബി.ജെ.പി ഭരണസമിതിക്ക് കൗൺസിലിനകത്ത് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഈ രാജി ഉയർത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക