Image

മലയാളത്തെ വെല്ലുന്ന തിരക്കഥയുമായി ഹിന്ദി 'ദൃശ്യം 3'; അജയ് ദേവ്ഗൺ ചിത്രത്തിന് വൻ വരവേൽപ്പ്, ജീത്തു ജോസഫിന് ട്രോൾമഴ

Published on 03 October, 2026
മലയാളത്തെ വെല്ലുന്ന തിരക്കഥയുമായി ഹിന്ദി 'ദൃശ്യം 3'; അജയ് ദേവ്ഗൺ ചിത്രത്തിന് വൻ വരവേൽപ്പ്, ജീത്തു ജോസഫിന് ട്രോൾമഴ

മുംബൈ: മലയാള സിനിമയുടെ യശസ്സുയർത്തിയ ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ ഹിന്ദിയിലെ മൂന്നാം ഭാഗത്തിന് ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം. മലയാളത്തിൽ മോഹൻലാലിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടിയതിന് പിന്നാലെയാണ് അജയ് ദേവ്ഗൺ നായകനായ ഹിന്ദി 'ദൃശ്യം 3' പ്രദർശനത്തിനെത്തിയത്. എന്നാൽ മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, മലയാളത്തിലെ കഥയെ അതേപടി പകർത്താതെ സ്വന്തമായൊരു തിരക്കഥയുമായാണ് ഇത്തവണ ബോളിവുഡ് ടീം എത്തിയത്. ഈ പരീക്ഷണം പൂർണവിജയമായെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങളും ബോക്സ് ഓഫീസ് കണക്കുകളും വ്യക്തമാക്കുന്നത്. ബോളിവുഡിൽ ഈ വർഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

​മലയാളം പതിപ്പിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ഹിന്ദിയിലെ മൂന്നാം ഭാഗമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ കുറിക്കുന്നത്. മലയാളത്തിൽ സിനിമ വൻവിജയം കൈവരിച്ചെങ്കിലും ജീത്തു ജോസഫിന്റെ രചനയ്ക്ക് കാര്യമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഹിന്ദിയിലെത്തിയപ്പോൾ രണ്ടാം ഭാഗത്തേക്കാൾ ഉദ്വേഗഭരിതവും കെട്ടുറപ്പുള്ളതുമായ തിരക്കഥയൊരുക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചുവെന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ മലയാളത്തിൽ 'ദൃശ്യം 4' ഒരുക്കുകയാണെങ്കിൽ തിരക്കഥയെഴുത്ത് ബോളിവുഡ് ടീമിനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന തരത്തിൽ ജീത്തു ജോസഫിനെതിരെയുള്ള രസകരമായ ട്രോളുകളും സൈബറിടങ്ങളിൽ നിറയുകയാണ്.

​നായക കഥാപാത്രത്തിന്റെ വളർച്ചയിലും സഹതാരങ്ങളുടെ പ്രകടനത്തിലും ഹിന്ദി പതിപ്പ് വലിയ മികവ് പുലർത്തിയെന്ന് നിരൂപകരും ചൂണ്ടിക്കാട്ടുന്നു. മലയാളത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന് നൽകിയ അമിത പ്രാധാന്യത്തിൽ മറ്റ് കഥാപാത്രങ്ങൾ അപ്രസക്തമായെന്ന പരാതിയുണ്ടായിരുന്നു. എന്നാൽ ഹിന്ദിയിൽ അജയ് ദേവ്ഗണിനൊപ്പം തന്നെ ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ് തുടങ്ങിയവർ അവതരിപ്പിച്ച സഹകഥാപാത്രങ്ങളും മികച്ച രീതിയിൽ എഴുതിവെക്കപ്പെടുകയും ശക്തമായ അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്തു. ദൃശ്യം എന്ന ബ്രാൻഡിന്റെ ജനപ്രീതിയെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ബോളിവുഡ് ഒരുക്കിയ ഈ ദൃശ്യവിരുന്ന് തിയേറ്ററുകളിൽ വലിയ ഓളം തന്നെയാണ് സൃഷ്ടിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക